ലോക്ക് ഡൗണ്‍ ലംഘനം: പോലിസ് മര്‍ദ്ദനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

Update: 2020-03-27 09:06 GMT

കൊച്ചി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച് റോഡിലിറങ്ങുന്നവരെ മര്‍ദ്ദിക്കുന്ന പോലിസ് നടപടി അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. കേരള സംസ്ഥാന പോലിസ് മേധാവിക്ക് അയച്ച കത്തിലാണ് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണും നിരോധനാജ്ഞയും ലംഘിക്കുന്നവരെ ഒരു കാരണവശാലും മര്‍ദ്ദിക്കരുത്. പോലിസ് ജനങ്ങളുടെ ശരീരത്ത് പിടിച്ച് തള്ളുന്നതും അടുത്ത് ചെന്നും ശരീരത്തില്‍ സപര്‍ശിച്ചും തള്ളിയും സംസാരിക്കുന്നതും അവസാനിപ്പിക്കണമെന്നും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവരെ മര്‍ദ്ദിക്കുന്നത് ഉടന്‍ അവസാനിപ്പിക്കാന്‍ എല്ലാ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നിര്‍ദേശം നല്‍കണം. അങ്ങേയറ്റത്തെ അവശ്യഘട്ടത്തില്‍ മാത്രം വളരെ ചെറിയ രീതിയില്‍ മാത്രമുള്ള ബലപ്രയോഗം മാത്രമേ അനുവദിക്കാനാവൂ. യാതൊരു കാരണവശാലും ജനങ്ങളെ മര്‍ദ്ദിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

    സാമൂഹിക മാധ്യമങ്ങളിലൂടെ പോലിസ് ജനങ്ങളെ മര്‍ദ്ദിക്കുന്ന ചില ദൃശ്യങ്ങള്‍ കണ്ടെന്നും അത് കേരളത്തിലെ ദൃശ്യങ്ങളാണോ എന്നു വ്യക്തമല്ലെങ്കിലും അറിഞ്ഞുകൊണ്ട് നിരോധനാജ്ഞ ലംഘിക്കുന്നവരെ പോലും മര്‍ദ്ദിക്കരുതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. പിടിച്ചു തള്ളുന്നതു പോലെയുള്ള ദുര്‍വാശി നടത്തരുതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Tags: