കൊവിഡ് വ്യാപനം: ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ച ലോക്ക് ഡൗണ്‍; അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി

കൊല്‍ക്കത്ത മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങളും നിര്‍ത്തിവയ്ക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുകയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

Update: 2021-05-15 10:30 GMT

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാന്‍ ഇക്കാലയളവില്‍ എല്ലാ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടിയിടുമെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. കൊല്‍ക്കത്ത മെട്രോ ഉള്‍പ്പെടെയുള്ള ഗതാഗത സേവനങ്ങളും നിര്‍ത്തിവയ്ക്കും. ലോക്ക് ഡൗണ്‍ കാലയളവില്‍ അടിയന്തര സേവനങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതിയുണ്ടാവുകയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

അവശ്യവസ്തുക്കളും പലചരക്ക് സാധനങ്ങളും വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കുമെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായ പറഞ്ഞു. രാവിലെ 10 നും വൈകീട്ട് 5 നും ഇടയില്‍ സ്വീറ്റ്മീറ്റ് വെണ്ടര്‍മാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നതാണ് ശ്രദ്ധേയം. പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കും. ബാങ്കുകളും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ പ്രവര്‍ത്തിക്കും. വ്യവസായശാലകള്‍ അടച്ചുപൂട്ടുമെങ്കിലും തേയിലത്തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നുണ്ട്.

50 ശതമാനം പേരെ മാത്രമായിരിക്കും തെയിലത്തോട്ടങ്ങളില്‍ പ്രവേശിപ്പിക്കുക. 50 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. ലോക്ക് ഡൗണ്‍ സമയത്ത് സംസ്ഥാനത്ത് സാംസ്‌കാരിക, രാഷ്ട്രീയ, അക്കാദമിക്, ഭരണ, മതപരമായ പരിപാടികളും പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും രാത്രി 9 നും 5 നും ഇടയില്‍ പുറത്ത് കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ബംഗാളില്‍ 20,846 പുതിയ കൊവിഡ് കേസുകളും 136 മരണങ്ങളും ഇന്നലെ റിപോര്‍ട്ട് ചെയ്തു. സജീവ കേസുകളുടെ എണ്ണം 1,579 ആയി വര്‍ധിച്ചു.

Tags: