യുപിയിലെ അറവുശാലയിൽ പശു മാംസം കണ്ടെത്തിയെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി
മാംസം അറവുശാലക്കുള്ളിലും പശുവിന്‍റെ തല സമീപത്തെ അഴുക്കുചാലിൽ നിന്നും കിട്ടിയെന്ന് പോലിസ് അവകാശപ്പെടുന്നു.
ലഖ്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ അറവുശാലയിൽ പശുവിന്‍റെ മാംസം കണ്ടെത്തിയെന്നാരോപിച്ച് ഹിന്ദുത്വർ പ്രതിഷേധവുമായി രംഗത്തെത്തി. മാംസം അറവുശാലക്കുള്ളിലും പശുവിന്‍റെ തല സമീപത്തെ അഴുക്കുചാലിൽ നിന്നും കിട്ടിയെന്ന് പോലിസ് അവകാശപ്പെടുന്നു.
സ്ഥലത്തുനിന്ന് അജ്ഞാതരായ രണ്ട് പേർ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുന്നത് കണ്ടെന്നും ബിത്തൂർ പോലിസിന് ചിലർ മൊഴി നൽകി. അറവുശാലയിൽ നിന്ന് പശു മാംസം കണ്ടെത്തിയതായും രക്ഷപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞതായും പോലിസ് കമ്മീഷ്ണർ വിജയ് സിങ് മീണ അറിയിച്ചു. പ്രതികൾക്കെതിരേ ദേശീയ സുരക്ഷ നിയമം (എൻഎസ്എ) ചുമത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും വിജയ് സിങ് മീണ കൂട്ടിച്ചേർത്തു.
സംഭവം നാട്ടുകാരാണ് ബിത്തൂർ പോലിസിൽ അറിയിച്ചത്. ഡോക്ടർമാരുടെ സംഘം എത്തി ഇറച്ചി സാംപിൾ പരിശോധനയ്ക്ക് അയച്ചു. പശുക്കളുടെ അവശിഷ്ടങ്ങൾ കുഴിയിൽ കുഴിച്ചിട്ടിടത്തു നിന്ന് കണ്ടെത്തിയെന്ന് പോലിസ് പറയുന്നു.
ബജ്‌റംഗ്ദൾ ജില്ലാ കോർഡിനേറ്റർ നരേഷ് തോമറും സ്ഥലത്തെത്തി ഇത്തരം സംഭവങ്ങൾ പലപ്പോഴും റിപോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.