തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം: അഞ്ച് മണിക്കൂര്‍ പിന്നിട്ടു, 41 ശതമാനം പോളിങ്

Update: 2020-12-10 07:02 GMT

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ അഞ്ചുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭേദപ്പെട്ട പോളിങ്.

അഞ്ചു ജില്ലകളിലായി 12 മണിവരെ 41 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വയനാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം കോട്ടയം 35.82, എറണാകുളം 35.45, തൃശൂര്‍ 35.82, പാലക്കാട് 36.08, വയനാട് 45.92 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് ശതമാന നിരക്ക്. വയനാട്ടില്‍ ആകെ 287183 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാര്‍ 140887, സ്ത്രീകള്‍ 146296 എന്നിങ്ങനെയാണ് വോട്ട് ചെയ്തത്.കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. പാലക്കാട് ജില്ലയില്‍ 11 മണി പിന്നിട്ടപ്പോള്‍ പോളിങ് ശതമാനം 34.03 കടന്നിരുന്നു.

    മന്ത്രി വി എസ് സുനില്‍കുമാര്‍ മുറ്റിച്ചൂര്‍ എഎല്‍പി സ്‌കൂളില്‍ 11ാം വാര്‍ഡില്‍ ഒന്നാം ബൂത്തിലും ചീഫ് വിപ് കെ രാജന്‍ അന്തിക്കാട് ഹൈസ്‌കൂളിലെ 5ാം വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്ചു. നടി മഞ്ജു വാര്യര്‍ പുള്ള് എഎല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അതിനിടെ, മുണ്ടക്കയം പുഞ്ചവയല്‍ സ്‌കൂളില്‍ ക്വാറന്റൈനിലായിരുന്നയാള്‍ വോട്ടു ചെയ്യാനെത്തിയത് ബഹളത്തിനിടയാക്കി. ബഹളത്തെ തുടര്‍ന്ന് ഇയാളെ തിരിച്ചയച്ചു.

    അതിനിടെ, തൃശൂരിലെ വടക്കാഞ്ചേരിയില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്നത് വിവാദമായി. മന്ത്രി എ സി മൊയ്തീന്‍ രാവിലെ 6.56ന് വോട്ട് രേഖപ്പെടുത്തിയത് ചട്ടലംഘനമാണെന്നായിരുന്നു പരാതി. എന്നാല്‍, പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് പോളിങ് നടക്കുന്നത്. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ് മൂന്നുതവണ മുടങ്ങി. രണ്ടാമതും മൂന്നാമതും എത്തിച്ച യന്ത്രങ്ങള്‍ പണിമുടക്കിയത് കാരണം രണ്ട് മണിക്കൂറോളം വൈകി.

    കോട്ടയം മുണ്ടക്കയം കുട്ടിക്കലില്‍ രാവിലെ ആറിനു വോട്ട് തുടങ്ങിയത് വിവാദമായി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്ടില്‍ ആറിന് വോട്ടെടുപ്പ് തുടങ്ങി 17 പേര്‍ വോട്ട് ചെയ്ത ശേഷമാണ് നിര്‍ത്തിവച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരം ഏഴിന് മുമ്പ് ചെയ്ത 17 വോട്ടുകള്‍ നീക്കം ചെയ്തു. ഇതയും പേരെ തിരിച്ചുവിളിച്ച് വീണ്ടും വോട്ട് ചെയ്യിക്കാനാണു തീരുമാനം.

Local body elections second phase: Five hours later, 41 percent polling


Tags: