തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 2.71 കോടി വോട്ടര്‍മാര്‍
ഒക്ടോബര്‍ 15ന് മുമ്പായി അന്തിമ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.71 കോടി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1.29 കോടി പുരുഷമാരും, 1.41 കോടി സ്ത്രീകളും, 282 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പെടും. പ്രസിദ്ധീകരിച്ച അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കുന്നതിന് തിരഞ്ഞെടുപ്പിന് മുന്‍പ് ഒരവസരം കൂടി നല്‍കും. ഇതിനായി ഇപ്പോള്‍ തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഒക്ടോബര്‍ 15ന് മുമ്പായി അന്തിമ പട്ടിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തില്‍ പോളിങ് ബൂത്തുകള്‍ കൂടുതല്‍ വേണമോയെന്ന കാര്യം പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ആഗസ്ത് 12ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 9 ലക്ഷം വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് അന്തിമ പട്ടികയിലുണ്ടായത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 86 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെക്കാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.