ഗുജറാത്തില്‍ ഗാന്ധിജി സ്ഥാപിച്ച സ്‌കൂളില്‍നിന്ന് അഞ്ചുലക്ഷത്തിന്റെ മദ്യശേഖരം പിടികൂടി

രാജ്‌കോട്ടിലെ സ്‌കൂളില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് 5.18 ലക്ഷത്തിന്റെ മദ്യശേഖരം പോലിസ് പിടിച്ചെടുത്തത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണു ഗുജറാത്ത്.

Update: 2019-12-01 15:01 GMT

അഹമ്മദാബാദ്: മഹാത്മാഗാന്ധി സ്ഥാപിച്ച സ്‌കൂളില്‍നിന്ന് അഞ്ചുലക്ഷം രൂപയുടെ മദ്യശേഖരം പിടികൂടി. രാജ്‌കോട്ടിലെ സ്‌കൂളില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് 5.18 ലക്ഷത്തിന്റെ മദ്യശേഖരം പോലിസ് പിടിച്ചെടുത്തത്. ഗാന്ധിജിയോടുള്ള ആദരസൂചകമായി സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനമാണു ഗുജറാത്ത്. സ്‌കൂള്‍ കേന്ദ്രീകരിച്ച് മദ്യവ്യാപാരം നടത്തുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണു മദ്യശേഖരം കണ്ടെടുത്തത്. 473 കുപ്പി മദ്യം, 260 ചെറിയ കുപ്പി മദ്യം, 16 ബിയര്‍ കാരറ്റുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പോലിസ് പരിശോധനയ്‌ക്കെത്തുന്നതിന് മുമ്പ് സ്‌കൂളില്‍ മദ്യവ്യാപാരം നടത്തിയിരുന്നയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

അതേസമയം, മദ്യവ്യാപാരവുമായി സ്‌കൂളിനു യാതൊരു ബന്ധമില്ലെന്നാണ് സ്‌കൂള്‍ ട്രസ്റ്റി ജിത്തു ഭട്ടിന്റെ വാദം. സ്‌കൂളില്‍ നേരത്തെ ജോലി ചെയ്തിരുന്ന ആളാണ് മദ്യവ്യാപാരം നടത്തിയിരുന്നതെന്നാണ് ട്രസ്റ്റി നല്‍കുന്ന വിവരം. വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധിയാണ് സ്‌കൂളിന്റെ ശിലാസ്ഥാപനം നടത്തിയത്. ഗാന്ധിജി പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്‌കോട്ട് ആല്‍ഫ്രഡ് ഹൈസ്‌കൂളിനടുത്താണ് വിവാദമായ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ജന്‍മദേശമാണു രാജ്‌കോട്ട്. മദ്യത്തിന്റെ ഉല്‍പാദനത്തിനും വില്‍പ്പനയ്ക്കും ഉപഭോഗത്തിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ദിനംപ്രതി ദശലക്ഷക്കണക്കിന് രൂപയുടെ അനധികൃത മദ്യവും പണവുമാണ് പിടിച്ചെടുക്കുന്നത്. ഗുജറാത്തിലെ ക്രമസമാധാനനിലയെക്കുറിച്ചും നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. 

Tags: