'സിംഹമടയില്‍ പോയി പറഞ്ഞു, നിങ്ങളുടെ വഴി തെറ്റാണെന്ന്'; ആര്‍എസ്എസ് വേദി പങ്കിട്ടതിനെ കുറിച്ച് പ്രണബ് മുഖര്‍ജി

സോണിയാ സിങ് എഴുതിയ 'ഡിഫൈനിങ് ഇന്ത്യ: ത്രൂ ദെയര്‍ ഐസ് എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍

Update: 2019-05-21 17:56 GMT

ന്യൂഡല്‍ഹി: സിംഹമടയില്‍ പോയി നിഞ്ഞളുടെ വഴി തെറ്റാണെന്നാണ് ഞാന്‍ പറഞ്ഞതെന്ന് ആര്‍എസ്എഎസുമായി വേദി പങ്കിട്ടതിനെ കുറിച്ച് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. സോണിയാ സിങ് എഴുതിയ 'ഡിഫൈനിങ് ഇന്ത്യ: ത്രൂ ദെയര്‍ ഐസ് എന്ന പുസ്തകത്തിലാണ് പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. 'നിങ്ങളുടെ വഴി തെറ്റാണെന്ന് എനിക്ക് പറയണമായിരുന്നു. ബഹുസ്വരതയും സഹിഷ്ണുതയുമാണ് ഇന്ത്യയുടെ ആത്മാവ്. നൂറ്റാണ്ടുകളെടുത്ത് ഉരുത്തിരിഞ്ഞു വന്നതാണ് നമ്മുടെ ബഹുസ്വര സംസ്‌കാരം. മതനിരപേക്ഷതയും ഉള്‍ക്കൊള്ളലും നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഇങ്ങനെ കൂടിച്ചേര്‍ന്ന സംസ്‌കാരമാണ് നമ്മളെ ഒരു രാജ്യമാക്കി മാറ്റിയത്. എന്നാല്‍, ആര്‍എസ്എസ് ഇതില്‍നിന്ന് വ്യതിചലിച്ചാണ് നീങ്ങുന്നത്. നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് 'സിംഹമടയില്‍' പോയി പറയണമായിരുന്നു. ആ വേദി ഞാന്‍ അതിനു വേണ്ടിയാണ് ഉപയോഗിച്ചതെന്നും സോണിയാ സിങിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

    നമ്മുടെ അസ്തിത്വം മതത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിലും അസഹിഷ്ണുതയിലും വെറുപ്പിലും വിഭജനത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ ദേശീയതയെ ശരിയായി നിര്‍വചിക്കാനുള്ള ശ്രമമായിരുന്നു അത്. ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായിരുന്നെങ്കിലും വ്യക്തിപരമായ നേട്ടം മാത്രമായിരുന്നില്ല. ഒരു കോണ്‍ഗ്രസുകാരന്റെ നേട്ടമായിരുന്നു അത്. ഭാരതരത്‌ന ലഭിച്ചപ്പോള്‍ ഏറ്റവും മനോഹരമായി എന്നെ അഭിനന്ദിച്ചത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹമത് കൃത്യമായി ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയും ഇന്ദിരാഗാന്ധിയും തമ്മില്‍ സാമ്യത്തേക്കാളേറെ വൈരുധ്യങ്ങളാണുള്ളത്. ഇന്ദിരാഗാന്ധി ഓരോ അണുവിലും മതേതരവാദിയായിരുന്നു. ചില രാഷ്ട്രീയ തീരുമാനങ്ങളില്‍ മാത്രമാണ് ഇരുവരും തമ്മില്‍ സാമ്യതയുള്ളത്. അധികാരത്തിലിരുന്നപ്പോള്‍ ഇരുവരും രണ്ട് തവണ അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചു. ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു ഇരുവരുടെയും ഉദ്ദേശ്യം. ഹിന്ദുത്വം അജണ്ടയിലുള്ള ബിജെപി ഭരണത്തിനു ആയുസ്സില്ല.

    രാജ്യത്തിന് കോണ്‍ഗ്രസിനെ ആവശ്യമുണ്ട്. കോണ്‍ഗ്രസില്ലെങ്കില്‍ രാജ്യം വിഭജിക്കപ്പെടും. നിലവിലെ സാഹചര്യം സ്ഥിരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രണബ് മുഖര്‍ജി പുസ്തകത്തില്‍ അടിവരയിട്ട് പറയുന്നുണ്ട്. 2018 ജൂണ്‍ ആറിനാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തി വേദി പങ്കിടുകയും ഹെഡ്‌ഗേവാറിനെ ഇന്ത്യയുടെ പുത്രനെന്ന് വിശേഷിപ്പിക്കുകയും ചെയ്തത് ഏറെ രാഷ്ട്രീയവിവാദത്തിനു കാരണമാക്കിയിരുന്നു. പ്രണബിന്റെ മകള്‍ തന്നെ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന ലഭിച്ചതോടെ ആര്‍എസ്എസ് വേദി പങ്കിട്ടതിനാലാണ് ബഹുമതി നല്‍കിയതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിനു ശേഷം ആദ്യമായാണ് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തെത്തി സംസാരിച്ച ആശയങ്ങളെ കുറിച്ച് പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്.



Tags:    

Similar News