അമേരിക്കയിലും കാനഡയിലും അതിശൈത്യം തുടരുന്നു; ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ മാത്രം 28 മരണം
വാഷിങ്ടണ്‍: അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശീതക്കൊടുങ്കാറ്റും രൂക്ഷമായി തുടരുന്നു. അമേരിക്കയില്‍ മാത്രം ഇതുവരെ 28 പേരാണ് അതിശൈത്യം മൂലം മരിച്ചത്. അമേരിക്കയുടെ 60 ശതമാനം പേരെ അതിശൈത്യം ബാധിച്ചുവെന്നാണ് കണക്കുകള്‍. ചരിത്രത്തിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നുപോവുന്നത്. അതിശൈത്യം മൂലം ഇതുവരെ 28 പേരാണ് രാജ്യത്ത് മരിച്ചത്. ക്യുബെക് മുതല്‍ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇരുപതോളം പേരാണ് ശീതക്കൊടുങ്കാറ്റില്‍ മരിച്ചത്.
യുഎസിന്റെ മൂന്നില്‍ രണ്ട് ഭാഗവും വലയം ചെയ്യുന്ന ആര്‍ട്ടിക് വായു മന്ദഗതിയിലാകും' എന്നതിനാല്‍ മരണസംഖ്യ വര്‍ധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് ബോംബ് ചുഴലി മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്. ശീതക്കാറ്റ് വൈദ്യുത വിതരണത്തെയും കാര്യമായി ബാധിച്ചു. 15 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെ ശൈത്യം ബാധിച്ചുവെന്നാണ് വിവരം.
ആയിരക്കണക്കിന് വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവപ്പെടുന്നത്. ഇവിടെ മൈനസ് 45 ഡിഗ്രിയാണ് താപനില. ബഫലോയില്‍ രണ്ട് ദിവസത്തെ കനത്ത മഞ്ഞും ശക്തമായ കാറ്റും 1977 ന് ശേഷമുള്ള ഏറ്റവും രൂക്ഷമായ അവസ്ഥയാണ് സൃഷ്ടിച്ചതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം വരെ 4 അടി മുതല്‍ 5 അടി വരെ മഞ്ഞുവീഴ്ച പ്രവചിക്കപ്പെടുന്നു. ഇത് 6 അടിയിലേക്ക് നീങ്ങുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, ടെക്‌സസ്, മിനിസോട്ട, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമാണ്. കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളും സമാനസാഹചര്യമാണുള്ളത്. കെന്റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥാ അടിയന്തരാവസ്ഥയും വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അതേസമയം, ഓസ്ട്രിയയിലും ശൈത്യം കാര്യമായി നാശം വിതച്ചിട്ടുണ്ട്. ഓസ്ട്രിയയിലുണ്ടായ ഹിമപാതത്തില്‍ 10 പേരെ കാണതായതായാണ് റിപോര്‍ട്ടുകള്‍.
