ലൈഫ് മിഷൻ: ശിവശങ്കര്‍ സഹായിച്ചെന്ന് യൂനിടാക് ഉടമയുടെ മൊഴി

സ്വപ്നയാണ് ശിവശങ്കറിനെ കാണാൻ നിർദ്ദേശിച്ചത്. സര്‍ക്കാര്‍ തലത്തിൽ തുടർന്നുളള സഹായങ്ങൾ ചെയ്തത് ശിവശങ്കറെന്നുമാണ് എൻഫോഴ്മെന്‍റിന് നൽകിയിരിക്കുന്ന മൊഴി.

Update: 2020-08-20 06:59 GMT

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരേ കുരുക്ക് മുറുകുന്നു. കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂനിടാക് ബിൽഡേസ് ഉടമ എൻഫോഴ്സ്മെന്‍റിന് മൊഴി നൽകി. സ്വപ്നയാണ് ശിവശങ്കറിനെ കാണാൻ നിർദ്ദേശിച്ചത്. സര്‍ക്കാര്‍ തലത്തിൽ തുടർന്നുളള സഹായങ്ങൾ ചെയ്തത് ശിവശങ്കറെന്നുമാണ് എൻഫോഴ്മെന്‍റിന് ഉടമ നൽകിയിരിക്കുന്ന മൊഴി. പല വകുപ്പുകളിലും ശിവശങ്കർ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നൽകാൻ നിർദ്ദേശിച്ചു.

    ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് രണ്ട് തവണ കമ്മീഷൻ വാങ്ങിയിട്ടുണ്ട്. സ്വപ്ന ലോക്കറിൽ സൂക്ഷിച്ച പണം കൈക്കൂലി പണമെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ നിഗമനം. ഇരുപത് കോടി രൂപയുടെ പദ്ധതിയില്‍ നാല് കോടി 35 ലക്ഷം രൂപയും കോഴയായി നൽകേണ്ടി വന്നുവെന്നും യുനിടാക് അന്വേഷണ ഏജൻസികള്‍ക്ക് മൊഴി നല്കിയിട്ടുണ്ട്.‌മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം ഇവര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യ ഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്‍റെ ഉടമസ്ഥതയിലുള്ള ഐഎസ്ഒ മോങ്ക് എന്ന സ്ഥാപനത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടതായി യൂനിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

    ഈ പണം ഇവർ തമ്മിൽ വീതിച്ചെടുത്തു. ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാർ നൽകാൻ തനിക്കും കോൺസുൽ ജനറലിനും കൂടി 20 ശതമാനം കമീഷൻ വേണം എന്നായിരുന്നു ഖാലിദിന്‍റെ ആവശ്യം. തുടര്‍ന്ന് 3 കോടി 80 ലക്ഷം കോണ്‍സുല്‍ ജനറലിന് കൈമാറിയെന്നുമാണ് മൊഴി.  

Tags:    

Similar News