ഷീലാ ദീക്ഷിത്തിന്റെ ആകസ്മിക മരണത്തിനു കാരണം പി സി ചാക്കോയെന്ന് മകന്‍; കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Update: 2019-10-12 04:26 GMT

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ ആകസ്മിക മരണത്തിനു കാരണം കോണ്‍ഗ്രസിന്റെ ഡല്‍ഹിയുടെ ചുമതലയുള്ള പി സി ചാക്കോയാണെന്ന് ആരോപിച്ച് മകന്‍ സന്ദീപ് ദീക്ഷിത് എഴുതിയ കത്തിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കത്ത് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക സമിതിക്കു നിര്‍ദേശം നല്‍കി. കത്ത് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും പി സി ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്നു മാറ്റണമെന്നും ആവശ്യപ്പെട്ട് മാംഗത് റാം സിംഗല്‍, കിരണ്‍ വാലിയ, രമാകാന്ത് ഗോസ്വാമി, ജിതേന്ദര്‍ കൊച്ചാര്‍ എന്നിവര്‍ സോണിയാ ഗാന്ധിയെ കണ്ടു. കത്ത് ചോര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    


    താന്‍ വ്യക്തിപരമായി ചാക്കോയ്ക്കയച്ച കത്ത് മാധ്യമങ്ങള്‍ക്കു ലഭിക്കാന്‍ കാരണം പി സി ചാക്കോയാണെന്നു സന്ദീപ് ദീക്ഷിതും ആരോപിച്ചു. എന്നാല്‍ കത്ത് പാര്‍ട്ടി അധ്യക്ഷക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ചാക്കോയുടെ വാദം. കഴിഞ്ഞ ജൂലൈ 20നു ഷീലാ ദീക്ഷിത് മരണപ്പെട്ടതിനു പിന്നാലെയാണ് സന്ദീപ് ദീക്ഷിത് ചോക്കോയ്ക്ക് കത്തയച്ചത്. തുടര്‍ന്ന് സോണിയാ ഗാന്ധിക്ക് കത്തിലെ ഉള്ളടക്കങ്ങള്‍ ചാക്കോ കൈമാറുകയും മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, സുശില്‍കുമാര്‍ ഷിന്‍ഡെ, മോത്തിലാല്‍ വോറ എന്നിവരടങ്ങിയ അച്ചടക്ക സമിതിയെ അറിയിച്ചതായുമാണു സൂചന.




Tags:    

Similar News