'മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ല, ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം'; സിപിഎമ്മിനെതിരേ കാനം രാജേന്ദ്രന്‍
മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി ഇപി ജയരാജന്‍ രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിങ് മേക്കറാണ്. ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.
കോട്ടയം: മുസ്‌ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന ഇടതു മുന്നണിയുടെ തീരുമാനമല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുന്നണി വിപുലീകരിക്കണമെന്ന് ഒരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ലെന്ന് കാനം ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി ഇപി ജയരാജന്‍ രംഗത്ത് വന്നിരുന്നു. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്റെ കിങ് മേക്കറാണ്. ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലീഗില്ലെങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ലെന്ന് കോണ്‍്ഗ്രസ് ഭയപ്പെടുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണം എന്നുണ്ടെങ്കില്‍ അവര്‍ വരട്ടെ. എല്‍ഡിഎഫിന്റെ കവാടങ്ങള്‍ അടയ്ക്കില്ലെന്നും മുന്നണി വിപുലീകരണം എല്‍ഡിഎഫിന്റെ നയമാണെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്.
രാജ്യത്ത് ബിജെപിയുടെ ഭരണം അവസാനിപ്പിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റിലും ജയിക്കാനുള്ള അടവു നയം സ്വീകരിക്കും. കേരളത്തില്‍ മുന്നണി ശക്തിപ്പെടും. കൂടുതല്‍ ജനപിന്തുണയുള്ള പ്രസ്ഥാനമായി ഇടതുമുന്നണി മാറും. അതൊരും മഹാമനുഷ്യ പ്രവാഹമായിരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.
മുന്നണിമാറ്റം ലീഗിന്റെ അജണ്ടയിലില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും, പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന സംഘടനയാണ് മുസ്‌ലിം ലീഗെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
