ബെയ്‌റൂത്ത് സ്‌ഫോടനം: ഉദ്യോഗസ്ഥരെ വീട്ടു തടങ്കലിലാക്കാന്‍ ഉത്തരവിട്ട് ലബനാന്‍

ബെയ്‌റൂത്ത് തുറമുഖത്തോട് ചേര്‍ന്നുള്ള വെയര്‍ ഹൗസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 135 പേരുടെ മരണം ബുധനാഴ്ച രാത്രിവരെ സ്ഥിരീകരിച്ചു. 5000 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.

Update: 2020-08-06 04:02 GMT

ബെയ്‌റൂത്ത്: നൂറുകണക്കിന് പേര്‍ കൊല്ലപ്പെടാനും ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ബെയ്‌റൂത്തിലെ ഉഗ്രസ്‌ഫോടനത്തിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയെന്ന് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. രാസവളം ഫാക്ടറിയുടെ ഗോഡൗണില്‍ ടണ്‍ കണക്കിന് വന്‍ സ്‌ഫോടന ശേഷിയുള്ള വസ്തുക്കള്‍ അലക്ഷ്യമായി സൂക്ഷിച്ചെന്നാണ് അന്വഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വീട്ടു തടങ്കലില്‍ ആക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

ബെയ്‌റൂത്ത് തുറമുഖത്തോട് ചേര്‍ന്നുള്ള വെയര്‍ ഹൗസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 135 പേരുടെ മരണം ബുധനാഴ്ച രാത്രിവരെ സ്ഥിരീകരിച്ചു. 5000 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.

സ്‌ഫോടനത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷം പേര്‍ ഭവനരഹിതരായി.1000 മുതല്‍ 1500 കോടി ഡോളറിന്‍ നാശനഷ്ടം ഏറ്റവും ചുരുങ്ങിയത് ഉണ്ടായേക്കാം എന്നാണ് ബെയ്‌റൂത്ത് ഗവര്‍ണര്‍ മാര്‍വന്‍ അബൗദ് വ്യക്തമാക്കിയത്. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ആറ് വര്‍ഷമായി വെയര്‍ഹൈസില്‍ സൂക്ഷിച്ചുവെച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റ് ആയിരിക്കാം പൊട്ടിത്തെറിക്ക് കാരണം എന്നാണ് അനുമാനം.ലെബനന്‍ മന്ത്രിസഭ തലസ്ഥാനത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നഗരത്തിലെ സുരക്ഷയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറുകയും ചെയ്തിരുന്നു.

Tags: