എൽഡിഎഫ് കുതിപ്പ് തുടരുന്നു; കോർപറേഷനുകളിൽ നാലും എൽഡിഎഫിനൊപ്പം

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു.

Update: 2020-12-16 06:50 GMT

തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിൽ. ജില്ലാ പഞ്ചായത്തുകളിൽ പതിനാലും ആറു കോർപറേഷനുകളിൽ നാലും എൽഡിഎഫിനൊപ്പമാണ്.

ലീഡ് നില: ഗ്രാമപഞ്ചായത്ത്- എൽഡിഎഫ്-495,യുഡിഎഫ്-380, എൻഡിഎ-23. ബ്ലോക്ക് പഞ്ചായത്ത്-എൽഡിഎഫ്-106, യുഡിഎഫ്-45, എൻഡിഎ-0. ജില്ലാ പഞ്ചായത്ത്- എൽഡിഎഫ്-10, യുഡിഎഫ്-4, മുനിസിപ്പാലിറ്റി- എൽഡിഎഫ്-39, യുഡിഎഫ്-41, എൻഡിഎ-02. കോർപറേഷൻ-എൽഡിഎഫ്-4, യുഡിഎഫ്-2.

കൊച്ചി, കോഴിക്കോട് കോർപറേഷനുകളിൽ യുഡിഎഫ് മേയർ സ്ഥാനാർഥികൾ തോറ്റു. കൊച്ചിയിൽ മുതിർന്ന നേതാവ് എൻ വേണുഗോപാൽ ഐലൻഡ് ഡിവിഷനിൽ ഒരു വോട്ടിന് ബിജെപി സ്ഥാനാർഥിയോടാണ് തോറ്റത്. കോഴിക്കോട്ട് ചേവായൂർ വാർഡിലാണ് പിഎൻ അജിത തോറ്റത്. തൃശൂർ കോർപറേഷനിൽ ബിജെപി സിറ്റിങ്ങ് സീറ്റായ കുട്ടൻകുളങ്ങരയിൽ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ 241 വോട്ടിനു തോറ്റു.

രാവിലെ എട്ടു മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. രണ്ടര ലക്ഷത്തിലേറെയാണ് തപാൽ വോട്ടുകൾ. മുഴുവൻ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'ട്രെന്‍ഡ്' വെബ്‌സൈറ്റിൽ (trend.kerala.gov.in) നിന്നും തത്സമയം അറിയാം. ത്രിതല പഞ്ചായത്തുകളിൽ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണൽ.