താഹയ്ക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ പന്തീരാങ്കാവ് പോലിസ് സ്റ്റേഷനിലെ ലാപ്ടോപ് അപ്രത്യക്ഷമായി

സ്റ്റേഷനിൽ ലാപ്ടോ‍പ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന പോലിസുകാരൻ അവധിയിൽ പോകുമ്പോൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതാണ് ലാപ്ടോപ്.

Update: 2021-10-28 18:50 GMT

കോഴിക്കോട്:  പന്തീരാങ്കാവ് മാവോവാദി കേസിൽ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിന് പിന്നാലെ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായി പന്തീരാങ്കാവ് പോലിസ് സ്റ്റേഷനിലെ ലാപ്ടോപ്. മാവോവാദി കേസ് അടക്കം നിർണായകമായ നിരവധി വിവരങ്ങളുള്ള ലാപ്ടോപ് ആണ് സ്റ്റേഷനിൽനിന്നു കാണാതായിരിക്കുന്നത്.

സ്റ്റേഷനിൽ ലാപ്ടോ‍പ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന പോലിസുകാരൻ അവധിയിൽ പോകുമ്പോൾ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതാണ് ലാപ്ടോപ്. പിന്നീട് തിരിച്ചെത്തിയപ്പോൾ ലാപ്ടോപ് കാണാതായി എന്നാണ് വിവരം. സ്റ്റേഷന് അകത്തുനിന്നു മോഷണം പോയതാണോ ഇത് ആരെങ്കിൽ ബോധപൂർവം എടുത്തുമാറ്റിയതാണോ എന്നും വ്യക്തമല്ല.

എന്നാൽ സ്റ്റേഷനിലെ സാധനങ്ങൾ അടുത്തിടെ മാറ്റിവച്ചപ്പോൾ ആ കൂട്ടത്തിൽ പെട്ടുപോയി കാണാതായതാണ് എന്ന ന്യായീകരണത്തിലാണ് പോലിസ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല. എന്തായാലും അന്വേഷണം രഹസ്യമായി നടക്കുന്നുണ്ട്. കാണാതായ ലാപ്ടോപ് ഇതുവരെ ആരും ഉപയോഗിച്ചതായി വിവരമില്ല.

കേസ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനും തെളിവെടുപ്പിനും ഒക്കെ പോകുമ്പോൾ പോലിസുകാർക്ക് ഉപകാരപ്രദമാകാൻ വേണ്ടിയായിരുന്നു കാണാതായ ഈ ലാപ്ടോപ്പ്.