ഭാഷാ വിവാദം അനാവശ്യം; അമിത്ഷായെ തള്ളി വെങ്കയ്യ നായിഡു

Update: 2019-09-24 08:39 GMT

മലപ്പുറം: ഇപ്പോള്‍ ഉയരുന്ന ഭാഷാ വിവാദം അനാവശ്യമാണെന്നും ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മലപ്പുറം കോട്ടക്കലില്‍ വൈദ്യരത്‌നം പി എസ് വാര്യരുടെ 150ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളുന്നതായിരുന്നു വെങ്കയ്യ നായിഡുവിന്റെ നിലപാട്. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരുടെ മാതൃഭാഷ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലാവണം. കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെ. എന്നാല്‍ എല്ലാവരും എല്ലാഭാഷകളും പഠിക്കട്ടെ. മാതാവ്, മാതൃഭാഷ, മാതൃഭൂമി, ഗുരു എന്നിവ ഓരോരുത്തര്‍ക്കും പ്രധാനമുള്ളതാണ്. മാതൃഭാഷയെ കണ്ണുകളെയും മറ്റു ഭാഷകള്‍ കണ്ണടകളെയും പോലെ കാണണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യമാണ്. വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ തുടങ്ങിയ പ്രസംഗം ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് ഉപരാഷ്ട്രപതി സംസാരിച്ചത്. നേരത്തേ, കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഹിന്ദിയെ ദേശീയഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അമിത്ഷായും നിലപാട് മയപ്പെടുത്തിയിരുന്നു.




Tags:    

Similar News