അധികഭൂമി കൈവശം വച്ചെന്ന പരാതി: പിവി അൻവർ എംഎൽഎക്ക് ഹാജരാകാൻ നോട്ടിസ്
പി വി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു.
തിരുവനന്തപുരം: ഭൂപരിധി ചട്ടം ലംഘിച്ചു ഭൂമി കൈവശം വച്ചെന്ന പരാതിയിൽ പിവി അൻവർ എംഎൽഎയോട് രേഖകളുമായി ഹാജരാകാൻ ലാൻഡ് അക്വിസിഷൻ ഡെപ്യുട്ടി കലക്ടർ. താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ എൽഎ ഡെപ്യുട്ടി കലക്ടറുടെ ഓഫീസിൽ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടിസ്.
പി വി അൻവർ എംഎൽഎയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയിൽ നടപടി ഉടൻ പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. സാവകാശം തേടി താമരശ്ശേരി ലാന്റ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയായിരുന്നു നിർദേശം.
ഭൂമി തിരിച്ച് പിടിക്കാൻ ഇനിയും സാവകാശം നൽകാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്ര സമയമെടുക്കുമെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു. ജനുവരി നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അധികഭൂമി ആറ് മാസത്തിനകം തിരിച്ച് പിടിക്കണമെന്ന മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ വി ഷാജിയാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.