വീണ്ടും പ്രതികാര നടപടിയുമായി ലക്ഷദ്വീപ് ഭരണകൂടം; പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടം രാത്രിയില്‍ പൊളിച്ചുമാറ്റി

ആഗസ്ത് 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന വര്‍ക്ക് ഷോപ്പ് കെട്ടിടമാണ് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിനെ അറിയിക്കാതെ രാത്രിയില്‍ പൊളിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടുന്നതിന് സായുധരായ അര്‍ധ സൈനികരുടെയും പോലിസിന്റെയും വന്‍ സന്നാഹത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.

Update: 2021-08-02 03:12 GMT

കവരത്തി: ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരുപറഞ്ഞ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികള്‍ തുടരുന്നു. ഏറ്റവും ഒടുവില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ദ്വീപ് ഭരണകൂടം മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റിയെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആഗസ്ത് 15ന് ഉദ്ഘാടനം ചെയ്യാനിരുന്ന വര്‍ക്ക് ഷോപ്പ് കെട്ടിടമാണ് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്തിനെ അറിയിക്കാതെ രാത്രിയില്‍ പൊളിച്ചിരിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായതിന് ശേഷം ദ്വീപില്‍ നടത്തിവരുന്ന വിചിത്രമായ നടപടികളുടെ തുടര്‍ച്ചയായാണ് നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ട സ്ഥാപനം പൊളിച്ചുമാറ്റിയ നടപടിയെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.


 പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടുന്നതിന് സായുധരായ അര്‍ധ സൈനികരുടെയും പോലിസിന്റെയും വന്‍ സന്നാഹത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു. റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ഭരണകൂടം വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ മറപിടിച്ചാണ് ഇപ്പോഴത്തെ നടപടികള്‍. 2019 ല്‍ സര്‍ക്കാര്‍ വികസന പദ്ധതിയുടെ ഭാഗമായി കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് സ്ഥാപിച്ചതാണ് കെട്ടിടം.


 വൈകീട്ട് ആറുമണിയോടെ പ്രദേശം പോലിസിന്റെയും അര്‍ധ സൈനികരുടെയും പൂര്‍ണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ബുള്‍ഡോസറുപയോഗിച്ച് കെട്ടിടം തകര്‍ത്തത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടികള്‍. കലക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടര്‍, സബ് ഡിവിഷന്‍ ഓഫിസര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. 2019 ല്‍ സ്വകാര്യവ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് തുടങ്ങിയ വര്‍ക്ക് ഷോപ്പ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുമ്പ് പഞ്ചായത്തിനെ വിവരമറിയിച്ചിരുന്നില്ലെന്ന് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ പ്രതികരിച്ചു.

പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായശേഷം ലക്ഷദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന നിരവധി നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. തീരത്തുനിന്നും 20 മീറ്റര്‍ ദൂരപരിധി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കവരത്തിയിലെ ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസ് വിവാദമായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് പിന്‍വലിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നായിരുന്നു നടപടികള്‍. കവരത്തി, സുഹേലി ദ്വീപുകളിലെ നൂറോളം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണ് നോട്ടീസ് നല്‍കിയിരുന്നത്. ലക്ഷദ്വീപ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറുടേതായിരുന്നു ഉത്തരവ്.

എന്നാല്‍, വീടുകള്‍ പൊളിക്കാനുള്ള അധികാരം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ക്കില്ലന്നു ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കേസുമായി മുന്നോട്ടുപോവുകയാണെന്നും കോടതി പറഞ്ഞിരുന്നു. ഇതെത്തുടര്‍ന്നാണ് കവരത്തിയിലെ നടപടി നിര്‍ത്തിവച്ച് ഉത്തരവായത്. അതേസമയം, മറ്റു ദ്വീപുകളില്‍ നല്‍കിയ നോട്ടീസ് പ്രാബല്യത്തിലുണ്ട്. ലക്ഷദ്വീപിലെ തീരദേശത്തെ നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിനെതിരേ സേവ് ലക്ഷദ്വീപ് ഫോറവും ഹൈക്കോടതിയിലെത്തിയിരുന്നു. വ്യക്തമായ വിശദീകരണം നല്‍കാത്ത പക്ഷം തീരത്തെ മല്‍സ്യത്തൊഴിലാളികളുടെ ചെറുകുടിലുകള്‍ അടക്കം പൊളിച്ചുനീക്കുമെന്നാണ് അറിയിപ്പ്.

Tags:    

Similar News