ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി

ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു

Update: 2022-07-26 09:59 GMT

ലഖ്‌നോ:ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു.ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു ജാമ്യം റദ്ദാക്കിയത്.ഫെബ്രുവരിയില്‍ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.ഹൈക്കോടതി പുതുതായി വാദം കേട്ട് തീരുമാനമെടുക്കണമെന്നായിരുന്നു കേസില്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. ഇതേ തുടര്‍ന്ന്, ഇരകളായ കര്‍ഷകരുടെ കുടുംബങ്ങളുടെ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചവരുടെ ഇടയിലേക്ക് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മധ്യമപ്രവര്‍ത്തകനുമടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.കേസിലെ ഒന്നാം പ്രതിയാണ് ആശിഷ് മിശ്ര. ഒക്ടോബര്‍ 9 നാണ് കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ആശിഷ് മിശ്രയ്‌ക്കെതിരെ സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നല്‍കിയിരുന്നു.കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയല്ലായിരുന്നുവെന്നും ആസൂത്രിതമായ നീക്കമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്.

Tags:    

Similar News