ലഖിംപൂർ ഖേരി സംഭവം: റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കും

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു

Update: 2021-10-04 09:29 GMT

ലഖ്നോ: നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി സംഭവം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും ഇരകളായ നാലു കർഷകരുടെ കുടുംബത്തിന് 45 ലക്ഷം നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകുമെന്നും ഉത്തർപ്രദേശ് സർക്കാറിന്റെ അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് (എ ഡി ജി-ലോ ആൻഡ് ഓർഡർ) പ്രശാന്ത് കുമാർ. പരിക്കേറ്റവർക്ക് 10 ലക്ഷം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരേ പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയതിനെ തുടർന്ന് നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ കാർ ഇടിച്ചുകയറ്റിയ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രക്കും 14 പേർക്കുമെതിരേ യുപി പോലിസ് കേസെടുത്തിട്ടുണ്ട്.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും കേന്ദ്രമന്ത്രി അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടിക്കായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്താണ് കർഷകർ പ്രതിഷേധിച്ചിരുന്നത്. പ്രതിഷേധത്തിനിടയിൽ വൻ തോതിൽ ഉന്തുംതള്ളുമുണ്ടായി. അതിനിടെ മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ച് കയറ്റുകയായിരുന്നെന്ന് കർഷകർ പറഞ്ഞു.