വിസ നിയമത്തില്‍ സമഗ്ര മാറ്റവുമായി കുവൈത്ത്

നേരത്തെ മറ്റ് മേഖലകളിലേക്ക് വിസ മാറ്റുന്നതിന് വിലക്കുണ്ടായിരുന്ന ചില വിഭാഗങ്ങളെയാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയത്.

Update: 2021-03-04 12:43 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമത്തില്‍ സമഗ്രമായ മാറ്റവുമായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. നേരത്തെ മറ്റ് മേഖലകളിലേക്ക് വിസ മാറ്റുന്നതിന് വിലക്കുണ്ടായിരുന്ന ചില വിഭാഗങ്ങളെയാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയത്.

ഇത് സംബന്ധിച്ചു മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

വ്യവസായം, കൃഷി, ഇടയര്‍, മത്സ്യബന്ധനം, സഹകരണ സൊസൈറ്റികളും യൂനിയനുകളും, സ്വതന്ത്ര വ്യാപാരമേഖലയില്‍ സ്ഥിതിചെയ്യുന്ന കമ്പനികള്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കും കുടുംബ വിസയില്‍ ഉള്ളവര്‍ക്കും വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതിനാണ് തീരുമാനമായത്.

എങ്കിലും വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ പുതിയ ആനുകൂല്യം സര്‍ക്കാര്‍ കരാര്‍ തൊഴിലാളികള്‍ക്കോ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കോ ബാധകമല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൊവിഡ് പ്രതിസന്ധി മൂലം ഉണ്ടായ തൊഴില്‍ വിപണിയിലെ ആവശ്യകത മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

Tags: