ട്രയല്‍ റണ്‍ വെള്ളിയാഴ്ച്ച; കുതിരാന്‍ തുരങ്ക നിര്‍മാണം ദിനംപ്രതി വിലയിരുത്തുമെന്ന് കലക്ടര്‍

Update: 2021-07-15 06:14 GMT

തൃശൂര്‍: കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന്ന് ഗതാത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഓരോ ദിവസത്തെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം. കുതിരാന്‍ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

തുരങ്കത്തിനുള്ളിലെ സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച നടത്തും. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.

തുരങ്കത്തിലെ വൈദ്യുതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കെഎസ്ഇബിക്ക് കരാര്‍ കമ്പനി പേപ്പര്‍ സമര്‍പ്പിച്ച ഉടന്‍ വൈദ്യുതി നല്‍കാമെന്നും മണ്ണുത്തി കെഎസ്ഇബി അറിയിച്ചു. ജൂലൈ 21, 22 തിയ്യതിക്കുള്ളില്‍ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, മണ്ണുത്തി സബ്ഡിവിഷന്‍ കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ കെ ഷാജി, ദേശീയപാത അതോറിറ്റി ഉദ്യോസ്ഥര്‍, നിര്‍മാണ കരാര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News