കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും

Update: 2020-12-23 11:07 GMT

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിക്കാന്‍ മുസ് ലിം ലീഗ് തീരുമാനിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫിസില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം. നിലവില്‍ മലപ്പുറം ലോക്‌സഭാംഗമായ കുഞ്ഞാലിക്കുട്ടി തദ്സ്ഥാനം രാജിവച്ചേക്കും. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുവിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. യുഡിഎഫിനെ വിജയത്തിലേക്ക് കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുന്ന സീറ്റിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വിധത്തില്‍ ക്രമീകരണം നടത്താനാണു ലക്ഷ്യമിടുന്നത്.

    തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ തിരിച്ചടിയും എല്‍ഡിഎഫിനു തുടര്‍ഭരണ സാധ്യതയും കണക്കിലെടുത്താണ് യുഡിഎഫ് മുന്നണിയിലെ ഉന്നത നേതാവിനെ ഡല്‍ഹിയില്‍ നിന്നു തിരിച്ചുവിളിക്കുന്നത്. സംസ്ഥാനത്ത് സാധാരണയായി ഒന്നിടവിട്ട രീതിയിലാണ് ഇരുമുന്നണികളും ഭരിക്കാറുള്ളത്. ഇക്കുറി പിണറായിക്ക് തുടര്‍ഭരണ സാധ്യതയുണ്ടെന്ന വിലയിരുത്തല്‍ ശകത്മാണ്. ഇതുകൂടി കണക്കിലെടുത്താണ് മുസ് ലിം ലീഗിന്റെ തീരുമാനം. നേരത്തേ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നു കരുതിയാണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനത്തേക്ക് മല്‍സരിച്ചത്. എന്നാല്‍, യുപിഎ വന്‍ തോല്‍വി നേരിട്ടതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. മാത്രമല്ല, ദേശീയതലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന തിരിച്ചറിവും ഉണ്ടായി. മുത്തലാഖ് തുടങ്ങിയ വിവാദ വിഷയങ്ങളില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതും മറ്റും ശക്തമായ വിമര്‍ശനത്തിനും കാരണമാക്കിയിരുന്നു.

Kunhalikutty returns to state politics; Will contest in Assembly electiom

Tags:    

Similar News