വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്; കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു

പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

Update: 2021-02-03 15:38 GMT

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

മുസ്‌ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുള്‍ വഹാബ് എംപി, നവാസ്‌കനി എംപി (തമിഴ്‌നാട്) എന്നിവരും രാജിനല്‍കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. നിയമസഭാംഗം ആയിരിക്കെ 2017ല്‍ ഇ അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെയായാണ് അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിരിക്കുന്നത്.

നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ നിന്നോ ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News