രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തിലാവില്ലെന്ന് കുഞ്ഞാലിക്കുട്ടി

Update: 2024-04-19 15:00 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ജയിലിലയ്ക്കാത്തതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തില്‍ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പിണറായിയെ അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തില്‍ ആയിരിക്കില്ല രാഹുലിന്റെ പരാമര്‍ശമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തെ വ്യാഖ്യാനിക്കാനില്ല. അറസ്റ്റ് ചെയ്യണമെന്ന അര്‍ഥത്തില്‍ ആയിരിക്കില്ല രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിെയാണ് മുഖ്യമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണെന്നും പക്ഷെ എന്തുകൊണ്ടാണ് പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയിലിലടയ്ക്കാത്തത് എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. രാഹുലിന്റെ പ്രസംഗത്തിന് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. നിങ്ങളുടെ മുത്തശ്ശിയുടെ കാലത്ത് ഒന്നര വര്‍ഷം ഞങ്ങളെ ജയിലിലടച്ചിട്ടുണ്ടെന്നും ജയിലും അന്വേഷണവും കാട്ടി വിരട്ടേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സിഎഎയ്‌ക്കെതിരേ ഒരക്ഷരം മിണ്ടാത്ത രാഹുല്‍ ഗാന്ധിക്ക് സംഘപരിവാര്‍ മനസ്സാണെന്നും പിണറായി പറഞ്ഞിരുന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാഹുല്‍ ഗാന്ധിയുടെയും പിണറായിയുടെയും വാക്‌പോര് ഇരുമുന്നണികളുടെയും നേതാക്കളും ഏറ്റെടുക്കുന്നുണ്ട്.

Tags: