ഐസിയു സൗകര്യം ലഭിച്ചില്ല; ഹരിദ്വാറിൽ കുംഭമേള സന്യാസി കൊവിഡ് ബാധിച്ച് മരിച്ചു
അതിഗുരുതരാവസ്ഥയിൽ ആദ്യം ഋഷികേഷ് എയിംസിലേക്കും പിന്നീട് ജിഡിഎംസിയിലേക്കും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.
ഹരിദ്വാർ: ഹരിദ്വാറിൽ കുംഭമേളയുടെ ഭാഗമായിരുന്ന സന്യാസി കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധയെ തുടർന്ന് പ്രദേശത്തെ ആശുപത്രികളെ സമീപിച്ചെങ്കിലും ഐസിയു ബെഡുകൾ ഒഴിവില്ലാത്തതിനെ തുടർന്ന് മതിയായ ചികിൽസ ലഭിക്കാത്തതിനാൽ മരണപ്പെടുകയായിരുന്നു. ഋഷികേഷ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗവ. ഡെറാഡൂൺ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ചികിൽസ തേടി സന്യാസി എത്തിയത്.
ബായ്രാഗി അഘാഡ കൊവിഡ് കെയർ സെന്‍ററിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. സ്ഥിതി ഗുരുതരമായതോടെ ബാബ ബർഫാനി കൊവിഡ് സെന്‍ററിലേക്ക് മാറ്റി. അതിഗുരുതരാവസ്ഥയിൽ ആദ്യം ഋഷികേഷ് എയിംസിലേക്കും പിന്നീട് ജിഡിഎംസിയിലേക്കും എത്തിച്ചെങ്കിലും ബെഡ് ഒഴിവില്ലെന്ന് അറിയിക്കുകയായിരുന്നു.
വീണ്ടും കൊവിഡ് കെയർ സെന്‍ററിലേക്ക് തിരികെയെത്തിച്ച സന്യാസി അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. എയിംസിൽ 180ഉം ജിഡിഎംസിയിൽ 50ഉം ഐസിയു ബെഡുകളാണുണ്ടായിരുന്നത്. എല്ലാ ബെഡുകളിലും രോഗികളുണ്ടായിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.
കുംഭമേള നടന്ന ഉത്തരാഖണ്ഡിൽ സ്ഥിതി പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തിൽ പട്ടണങ്ങളിൽ ഉച്ചക്കു ശേഷം കടകൾ അടച്ചിടാൻ നിർദേശം നൽകി. സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും ഉത്തരവുണ്ട്. കഴിഞ്ഞ ദിവസം മാത്രം 2757 പേർക്കാണ് കൊവിഡ് റിപോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രണ്ടാംതരംഗത്തിൽ ഇതാദ്യമായാണ് ഉത്തരാഖണ്ഡിൽ സ്ഥിതി വഷളാകുന്നത്.
