കുംഭമേള വെട്ടിച്ചുരുക്കി പ്രതീകാത്മക ചടങ്ങുകള്‍ മാത്രമാക്കണം: പ്രധാനമന്ത്രി

കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.

Update: 2021-04-17 04:33 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്നാവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ രണ്ടാംഘട്ട കൊവിഡ് തരംഗം ആഞ്ഞുവീശുന്നതിനിടെയാണ് ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകള്‍ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു.

ഇത്തവണ കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാല്‍ മതിയെന്നും, രണ്ട് ഷാഹി സ്‌നാനുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇനി ചടങ്ങുകള്‍ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷവുമുണ്ട്. അതിനാല്‍ തുടര്‍ ചടങ്ങുകള്‍ പ്രതീകാത്മകമായി നടത്തണമെന്നാണ് മോദി നിര്‍ദേശിച്ചത്. കുംഭമേളയിലെ അടുത്ത പ്രധാന സ്‌നാന ചടങ്ങ് ഈ മാസം 27 നാണ് നടക്കേണ്ടത്. മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്. സന്ന്യാസിമാര്‍ വലിയ സംഖ്യയില്‍ സ്‌നാനത്തിന് എത്തരുതെന്നും ജുന അഖാഡയുടെ മുഖ്യപുരോഹിതന്‍ അഭ്യര്‍ത്ഥിച്ചു.

മൂന്ന് ദിവസത്തിനിടെ ഹരിദ്വാറില്‍ മാത്രം മൂവായിരത്തോളം പേര്‍ക്ക് കൊവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. അഖാഡകളിലൊന്നിന്റെ തലവന്‍ മഹാമണ്ഡലേശ്വര്‍ കപില്‍ ദാസ് (65) ആണ് മരിച്ചത്. 80 പുരോഹിതര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരവധി സന്ന്യാസിസംഘടനകള്‍ മേള നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എതിര്‍പ്പുമായി രംഗത്തെത്തി.

ഈ സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വിഷയത്തിലിടപെടാതെ മാറി നില്‍ക്കുകയായിരുന്നു. സന്യാസിസംഘടനകള്‍ തന്നെ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിഷയത്തിലിടപെടുന്നത്.

Tags:    

Similar News