മുസ്​ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ ടി ജലീൽ

ആരാധനാലയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വർഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാൻ ഇത് ഇടവരുത്തുമെന്നും ജലീൽ പറഞ്ഞു.

Update: 2021-12-01 10:28 GMT

കോഴിക്കോട്: മുസ്​ലിം പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ ടി ജലീൽ എംഎൽഎ. ആരാധനാലയങ്ങളിൽ രാഷ്ട്രീയ സമരങ്ങളും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രക്ഷോഭങ്ങളും നടത്തുന്നത് ഒരു മതനിരപേക്ഷ സമൂഹത്തിൽ പ്രോൽസാഹിപ്പിക്കാൻ സാധിക്കില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടി.

ആരാധനാലയങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയും വർഗീയ ചേരിതിരിവിനും ഉപയോഗപ്പെടുത്തുന്നുവെന്ന ആക്ഷേപം ഉയരുവാൻ ഇത് ഇടവരുത്തുമെന്നും ജലീൽ പറഞ്ഞു.

സർക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരേ പള്ളികളിൽ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന മുസ്​ലിം ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നും മതസംഘടനയല്ലെന്നും കെ ടി ജലീൽ ചൂണ്ടിക്കാട്ടി. ലീഗിന്‍റെ കീഴിൽ ഒരു പള്ളിയും സംസ്ഥാനത്ത് പ്രവർത്തിക്കുന്നില്ലെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുസ്​ലിം ലീഗിന്‍റെ പുതിയ നീക്കത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും കെ ടി ജലീൽ വിമർശനം ഉയർത്തി. രാഷ്ടീയമായി ഒരു സമരം ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാകുമ്പോഴാണ് പള്ളികളെയും മത ചിഹ്നങ്ങളെയും ലീഗ് വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നതെന്ന് 'ലീഗിനിത് എന്തുപറ്റി' എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ ജലീൽ കുറ്റപ്പെടുത്തി.