ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരന്‍; മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ലോകായുക്ത

ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.

Update: 2021-04-09 13:19 GMT

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.

ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടാണ് ലോകായുക്ത വിധി. ചട്ടങ്ങള്‍ ലംഘിച്ച് ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ സുപ്രധാന വിധി. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മന്ത്രിക്കെതിരേ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു.


Tags: