കെഎസ്ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍; രാത്രിയാത്രയ്ക്കു വേണ്ടി എടുത്തതെന്ന് മൊഴി

Update: 2021-02-26 02:10 GMT

പാലക്കാട്: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പര്‍ അനി എന്ന നിതിനെയാണ് പാലക്കാട് നിന്ന് പോലിസ് പിടികൂടിയത്. രാത്രിയാത്രയ്ക്ക് വണ്ടി കിട്ടാത്തതിനാലാണ് ബസ് എടുത്തതെന്നാണ് പ്രതി മൊഴി നല്‍കിയത്. രാത്രി കൊട്ടാരക്കരയില്‍ നിന്ന് യാത്ര ചെയ്യാന്‍ ബസ് കിട്ടിയില്ലെന്നും അതിനാല്‍ നിര്‍ത്തിയിട്ട ബസ് എടുത്തു കൊണ്ടുപോയെന്നുമാണ് അനി പോലിസിനോട് പറഞ്ഞത്.

    ഇക്കഴിഞ്ഞ എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നു കെഎസ്ആര്‍ടിസി ബസ് മോഷണം പോയത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും ഏറെ നേരത്തെ അന്വേഷണത്തിനു ശേഷം 27 കിലോമീറ്റര്‍ അകലെ പാരിപ്പള്ളിയിലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു മോഷ്ടാവിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. മോഷണശേഷം പോലിസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി പാരിപ്പള്ളിയിലെ സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷമാണ് പാലക്കാട്ടേക്ക് മുങ്ങിയത്. ഇയാള്‍ക്കെതിരേ നെയ്യാറ്റിന്‍കര, മംഗലപുരം, ശ്രീകാര്യം, വട്ടിയൂര്‍കാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്‌റ്റേഷനുകളില്‍ വാഹന മോഷണക്കേസുകളുണ്ടെന്ന് പോലിസ് പറയുന്നു.

KSRTC bus theft: Defendant arrested

Tags: