500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ സ്വീകരിക്കില്ല; ഓണ്‍ലൈന്‍ വഴി പണമടയ്ക്കണമെന്ന് കെഎസ്ഇബി
കോഴിക്കോട്: 500 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതല്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേയ്‌മെന്റ് സംവിധാനം പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത തവണ മുതല്‍ വൈദ്യുതി ബില്ലുകള്‍ 500 രൂപയ്ക്ക് മുകളിലാണെങ്കില്‍ തുക ഡിജിറ്റലായി തന്നെ അടയ്ക്കാന്‍ എല്ലാ വിഭാഗം ഉപഭോക്താക്കളെയും പ്രേരിപ്പിക്കണമെന്നാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍, പണവുമായി നേരിട്ട് വരുന്നവര്‍ക്ക് മൂന്നുതവണ ഇളവ് നല്‍കുമെന്ന് പുതുക്കിയ ഉത്തരവില്‍ ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ സി സുരേഷ്‌കുമാര്‍ വ്യക്തമാക്കി.
രണ്ടുദിവസം മുമ്പ് 1,000 രൂപയ്ക്ക് മുകളിലുള്ള ബില്‍ പിരിവ് നിര്‍ബന്ധമായി ഡിജിറ്റലാക്കാനും 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുല്‍സാഹപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പണവുമായെത്തുന്നവര്‍ക്ക് കുറച്ചുതവണ ഇളവ് നല്‍കാമെന്നും പറഞ്ഞിരുന്നു. പിന്നാലെ ഈ ഇളവ് രണ്ട് മൂന്ന് തവണ മാത്രമെന്ന് വ്യക്തമാക്കി ഇറക്കിയ പുതിയ ഉത്തരവിലാണ് 1,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്നത് 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളെന്ന് മാറ്റിയത്.
കെഎസ്ഇബിയിലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് 50 ശതമാനത്തിലും കുറവാണെന്ന് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പണമിടപാടുകളും ഓണ്‍ലൈനാക്കാന്‍ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 500 രൂപയില്‍ കൂടുതലുള്ള ബില്ല് ഒടുക്കാനായി കാഷ് കൗണ്ടറുകളിലെത്തുന്നവരുടെ പണം സ്വീകരിക്കാനും ഓണ്‍ലൈനായി പണമൊടുക്കാന്‍ ബോധവല്‍ക്കരിക്കാനും നിര്‍ദേശിക്കണം.
ഇതുകൂടാതെ കാഷ് കൗണ്ടറുകളിലൂടെയുള്ള എല്ലാ പണമിടപാടുകളും ഓണ്‍ലൈനാക്കി മാറ്റാന്‍ ബോധവല്‍ക്കരണം നടത്താന്‍ കര്‍ശന നിര്‍ദേശം സെക്ഷന്‍ ഓഫിസുകളില്‍ നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പണമൊടുക്കല്‍ പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് നിര്‍ദേശമുണ്ടായത്. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.
