കെ എസ് ഷാനിന്റെ മയ്യിത്ത് ജന്മനാട്ടില്‍; അവസാന നോക്ക് കാണാന്‍ ആയിരങ്ങള്‍

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെയാണ് മയ്യിത്തുമായി ആംബുലന്‍സ് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്.

Update: 2021-12-19 11:50 GMT

ആലപ്പുഴ: ആര്‍എസ്എസ്സുകാര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ മയ്യിത്ത് കൊച്ചിയില്‍നിന്ന് ജന്‍മനാടായ ആലപ്പുഴ മണ്ണഞ്ചേരി പുന്നാട്ടെ സ്വവസതിയിലെത്തിച്ചു. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നരയോടെയാണ് മയ്യിത്തുമായി ആംബുലന്‍സ് ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. അവസാന നോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് ഒഴുകിയെത്തിയത്.

സാമൂഹിക ജീവകാരുണ്യ മേഖലകളില്‍നിറഞ്ഞുനിന്ന ഷാനിന് അന്ത്യാഭിവാദം അര്‍പ്പിക്കാന്‍ പാതയുടെ ഇരു വശങ്ങളിലുമായി നിരവധി നാട്ടുകാരാണ് തടിച്ചു കൂടിയത്.

എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളും ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഷാനിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഇവിടെ എത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ നടന്ന കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവന്നത്.ശനിയാഴ്ച രാത്രി 7.30ന് മണ്ണഞ്ചേരി കപ്പേടത്തുവച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി വെട്ടുകളേറ്റ കെ എസ് ഷാനെ ആദ്യം ആലപ്പുഴയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗത്തുനിന്ന് നിരവധി പ്രവര്‍ത്തകരും ആശുപത്രി പരിസരത്ത് തടിച്ചുകൂടി.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് മയ്യിത്ത് ഏറ്റുവാങ്ങി. തുടര്‍ന്ന് കളമശ്ശേരിയിലേക്ക് മയ്യിത്ത് വന്‍ ജനാവലിയുടെ അകമ്പടിയോടെയാണ് കൊണ്ടുപോയത്. ആദ്യം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പോലിസിന്റെ ആവശ്യാര്‍ഥമാണ് പോസ്റ്റ്‌മോര്‍ട്ടം കളമശ്ശേരിയിലേക്ക് മാറ്റിയത്. മയ്യിത്ത് പൊതു ദര്‍ശനത്തിനു ശേഷം വൈകീട്ടോടെ പുന്നാട് ജുമാ മസ്ജിദില്‍ ഖബറടക്കും.

Tags: