മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി

Update: 2020-10-28 11:58 GMT
കോഴിക്കോട്: മുന്നാക്ക സംവരണത്തെ അനുകൂലിക്കുന്നുവെന്നും ദേശീയതലത്തിലുള്ള കോണ്‍ഗ്രസ് നയത്തോട് പൂര്‍ണ യോജിപ്പാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്നാല്‍, സംസ്ഥാനത്ത് ഈ ഘട്ടത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണുള്ളത്. വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുന്നാക്ക സംവരണത്തെ എതിര്‍ക്കുന്ന മുസ് ലിം ലീഗ് നിലപാടിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. സംവരണം സംബന്ധിച്ച് സീറോമലബാര്‍ സഭയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. ബിഷപ്പ് മാര്‍പെരുന്തോട്ടം പറഞ്ഞതിനെ മാനിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് എംഎല്‍എമാരുടെ നിയന്ത്രണം നഷ്ടപ്പെട്ടിട്ടില്ല. ജമാഅത്തെ ഇസ് ലാമിയുമായും വെല്‍ഫെയര്‍ പാട്ടിയുമായും പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

    പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തിനെതിരേ മുസ് ലിം-ദലിത്-പിന്നാക്ക സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും മുസ് ലിം ലീഗ് മുസ് ലിം സംഘടനകളുടെ യോഗം ചേര്‍ന്ന് പ്രക്ഷോഭം നടത്താന്‍ തീരുമാനിക്കുകയും ചെയ്യുന്നതിനിടെയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. മാത്രമല്ല, സാമ്പത്തിക സംവരണത്തില്‍ ലീഗ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സീറോ മലബാര്‍ സഭയെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നിലപാടിനെയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, യുഡിഎഫ് മുന്നണി നിലപാട് പ്രഖ്യാപിക്കാനാവാത്ത വിധം ദുര്‍ബലമായോ എന്ന സഭയുടെ ചോദ്യത്തിന് എംഎല്‍എമാരുടെ നിയന്ത്രണം പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.

KPCC President Mullappali supports economic reservation




Tags:    

Similar News