പോക്‌സോ കേസ് പ്രതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; ഫോറന്‍സിക് സംഘം പരിശോധന നടത്തി
കോഴിക്കോട്: പോക്‌സോ കേസ് പ്രതിയായ കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണു ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഫോറന്‍സിക് സംഘം പ്രദേശത്ത് പരിശോധന നടത്തി. കല്‍പറ്റയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് ആണ് പോലിസ് ജിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുന്നത്. പോലിസ് അന്വേഷിച്ചെത്തി അരമണിക്കൂറിനകമാണ് ജിഷ്ണുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിന് സമീപമുളള മതിലില്‍ നിന്ന് പോലിസിനെ കണ്ട് ചാടിയതാകം മരണകാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീഴ്ച്ചയുടെ ആഘാതമാകാം മരണത്തിന് കാരണമായതെന്ന് കേസന്വേഷിക്കുന്ന ജില്ല ക്രൈംബ്രാഞ്ച് എസിപി അനില്‍ ശ്രീനിവാസ് പറഞ്ഞു. എന്നാല്‍ പോലിസ് മര്‍ദ്ദനമേറ്റാണ് ജിഷ്ണു മരിച്ചതെന്ന സംശയത്തിലാണ് കുടുംബാംഗങ്ങളും മാതാപിതാക്കളും.
വീഴ്ചയില്‍ വാരിയെല്ലിനും തലയോട്ടിക്കും ക്ഷതം സംഭവിച്ചതാകാമെന്നും ആണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലുളള കണ്ടെത്തല്‍. എന്നാല്‍ പോലിസ് വിശദീകരണങ്ങളെ അപ്പാടെ തളളിക്കളയുകയാണ് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍. പോലിസ് മതിലില്‍ തലചേര്‍ത്ത് മര്‍ദ്ദിച്ചതിനാലാവും ജിഷ്ണു മരിച്ചെന്നാണ് അച്ഛന്‍ സുരേഷ്‌കുമാറിന്റെ സംശയം. ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലിസുകാര്‍ പറയുന്നതില്‍ പല പൊരുത്തക്കേടുകളുമുണ്ടെന്നും കുടുംബം ആരോപിച്ചു.
എന്നാല്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും കിട്ടിയശേഷം കുടുതല്‍ വ്യക്തതവരുമെന്നും നിലവില്‍ ദുരൂഹത ഇല്ലെന്നും അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ വിശദമായ മൊഴി കൂടി പരിഗണിച്ചാവും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.
നല്ലളം പോലിസ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികില്‍ നാട്ടുകാരാണ് അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജിഷ്ണുവിനെതിരെ കല്‍പ്പറ്റ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളില്‍ മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണില്‍ വെച്ചായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ കല്‍പ്പറ്റ പോലിസ്, നല്ലളം പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം.

