ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച വിവാദ പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആക്കി കോഴിക്കോട് എന്‍ഐടി; നിയമനം സീനിയോറിറ്റി മറികടന്ന്
കോഴിക്കോട്: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച വിവാദ പ്രൊഫസറെ ഡീന്‍ ആക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് എന്‍ഐടി. പ്ലാനിങ് ആന്റ് ഡെവല്പമെന്റ് ഡീനായി ഷൈജ ആണ്ടവനെ നിയമിച്ച് ഉത്തരവിറങ്ങി. വകുപ്പ് മേധാവി പോലും ആകാത്ത ഷൈജയെ നിയമിച്ചത് സീനിയോറിറ്റി മറികടന്നെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് എഫ്ബി പോസ്റ്റിട്ട കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഷൈജ ആണ്ടവന്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷൈജ ഗോഡ്സെയെ പ്രകീത്തിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കമന്റ് പങ്കുവെച്ചത്.
ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ട് എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അഡ്വ കൃഷ്ണ രാജ് ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. 'നാഥുറാം വിനായക് ഗോഡ്സെ ഇന്ന് ഭാരതത്തില്‍ നിരവധിപ്പേരുടെ ഹീറോ,' എന്നെഴുതിയ പോസ്റ്റിലാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്സെയില്‍ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. പ്രതിഷേധം ശക്തമായപ്പോള്‍ കമന്റ് പിന്‍വലിച്ചു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് എസ്എഫ്‌ഐ, കെ എസ് യു, എംഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പരാതികളുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ നല്‍കിയ പരാതിയില്‍ കുന്ദമംഗലം പോലിസ് ഇന്ത്യന്‍ ശിക്ഷ നിയമം 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. കേസില്‍ പോലിസ് നേരത്തെ ചോദ്യം ചെയ്യുകയും ഷൈജയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.