കോഴിക്കോട്ടെ നിപ: ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രാഥമിക സമ്പര്‍ക്കപട്ടിക കണ്ടെത്തിയെന്നും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Update: 2021-09-05 03:46 GMT

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്. കുട്ടിക്ക് വൈറസ് ബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രാഥമിക സമ്പര്‍ക്കപട്ടിക കണ്ടെത്തിയെന്നും ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 12 വയസുകാരന്‍ നിപ പോസിറ്റീവ് ആണെന്ന് മന്ത്രി സ്ഥിരീകരിച്ചിരുന്നു.കുട്ടിയുടെ സാംപിള്‍ നിപ പോസിറ്റീവ് ആണെന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഫലം ലഭിച്ചെന്നും ഇതനുസരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും നിലവില്‍ രോഗലക്ഷണം ഇല്ല.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സകള്‍ ക്രമീകരിക്കാന്‍ തീരുമാനം എടുത്തു. കണ്ണൂര്‍, മലപ്പുറം ജില്ലകളും ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.

Tags: