കോട്ടയം: ജില്ലയിലെ കങ്ങഴ പത്തനാട് മേഖലയില്‍ മസ്ജിദുകള്‍ക്കു നേരെ ആക്രണം നടത്തിയ സംഭവത്തില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മുനീറുല്‍ ഇസ്‌ലാം മസ്ജിദ്, കങ്ങഴ ചാരംപറമ്പ് ഹിദായത്തുല്‍ ഇസ്‌ലാം മസ്ജിദ് എന്നീ മസ്ജിദുകള്‍ക്ക് നേരെ വെള്ളിയാഴ്ച രാത്രി കല്ലെറിഞ്ഞ് ജനല്‍ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലാണ് കറുകച്ചാല്‍ കങ്ങഴ കൊറ്റന്‍ചിറ അബിന്‍(23), വാഴൂര്‍ ചാമംപതാല്‍ ഇടയകുളത്ത് വിമല്‍(21), ചാമംപതാല്‍ കൊങ്ങണാമണ്ണില്‍ ജഗന്നാഥന്‍(22), സൗത്ത്പാമ്പാടി കയത്തുങ്കല്‍ പാറപ്പറമ്പില്‍ ചിന്തു രാമകൃഷ്ണന്‍(26) എന്നിവരെ കറുകച്ചാല്‍ പോലിസ് പിടികൂടിയത്. ഇവര്‍ക്കെതിരേ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.
പെട്രോള്‍ പമ്പില്‍ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിയതും മസ്ജിദുകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രണം നടത്തിയതും ഇവര്‍ തന്നെയാണെന്ന് പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ച വരെ നടത്തിയ തിരച്ചിലിനൊടുവില്‍ മണിമലയ്ക്ക് സമീപത്തെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും പിടിച്ചെടുത്ത ബൈക്ക് മണര്‍കാട് നിന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തി. പാമ്പാടിയില്‍ ബൈക്ക് മോഷണം നടത്തിയതും ഇവരാണ്. വായ്പൂരില്‍ നിന്നും വീട്ടമ്മയുടെ മാല പൊട്ടിച്ചതും പള്ളികള്‍ക്ക് നേരെ കല്ലെറിഞ്ഞതും, ചാമംപതാലില്‍ കാര്‍ എറിഞ്ഞ് തകര്‍ത്തതും ഇതേ പ്രതികള്‍ തന്നെയാണ്. പത്തനാട് മേഖലയില്‍ പതിവായി ഉണ്ടാകുന്ന ആക്രമണ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് കറുകച്ചാല്‍ പോലിസ് പറഞ്ഞു. സിഐ കെ എല്‍ സജിമോന്‍, എസ്‌ഐമാരായ, ബോബി വര്‍ഗീസ്, വിജയകുമാര്‍, സിബിച്ചന്‍, രാജഗോപാല്‍, സിപിഒമാരായ ലിജോ കെ ജോസഫ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
