കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചു
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഐസിയു ആംബുലന്‍സില്‍ രോഗിയെ കൊണ്ടുവന്നത്. ആശുപത്രി പിആർഒ ആണ് മടക്കി അയച്ചത്.
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ചികില്‍സ കിട്ടാതെ മരിച്ചു. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് ആംബുലൻസിൽ കിടന്ന് മരിച്ചത്. ഉച്ചയ്ക്ക് 2.10 നാണ് രോഗിയെ മെഡിക്കൽകോളജിലെത്തിച്ചത്. എന്നാൽ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ലെന്ന് ബന്ധുക്കൾ.
പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഐസിയു ആംബുലന്‍സില്‍ രോഗിയെ കൊണ്ടുവന്നത്. ആശുപത്രി പിആർഒ ആണ് മടക്കി അയച്ചത്.
ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്‍ ആംബുലന്‍സില്‍ വെച്ച് തങ്ങള്‍ രോഗിക്ക് പ്രാഥമിക ചികില്‍സ നല്‍കാന്‍ ശ്രമിച്ചുവെങ്കിലും ആശുപത്രിയിലെ എതെങ്കിലും നേഴ്‌സോ ഡോക്ടറോ തിരിഞ്ഞു നോക്കിയില്ല. തിരികെ വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും രോഗി മരിച്ചു. അവര്‍ ഒന്നു നോക്കിയിരുന്നുവെങ്കില്‍ തന്റെ പിതാവ് രക്ഷപെടുമായിരുന്നുവെന്നും രോഗിയുടെ മകള്‍ പറഞ്ഞു.
രണ്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിടത്തി ചികിൽസിക്കാൻ ബെഡ് ലഭ്യമല്ല എന്ന കാരണം ചൂണ്ടിക്കാട്ടി രോഗിയേയും ബന്ധുക്കളെയും പറഞ്ഞു വിടുകയായിരുന്നു. രണ്ട് മണിക്കൂറുകൾക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് വീണ്ടും തിരിച്ചെത്തിയപ്പോഴാണ് ആംബുലൻസിൽ കിടന്ന് ജേക്കബ് തോമസ് മരിച്ചത്. മരണം നടന്ന് ഇത്ര സമയം ആയിട്ടും മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യറായിട്ടില്ല.
മെഡിക്കല്‍ കോളജില്‍ എത്തിച്ച ശേഷം എല്ലാ ഡോക്ടര്‍മാരോടും തങ്ങള്‍ മാറി മാറി പറഞ്ഞിട്ടും ആരും നോക്കാന്‍ തയാറായില്ലെന്ന് രോഗിയുടെ ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരാളോടു പറയുമ്പോള്‍ അടുത്തയാളോടു പറയാന്‍ പറയും. രോഗിയുടെ നില അതീവ ഗുരുതരമാണെന്നും എത്രയും പെട്ടന്ന് രോഗിയെ നോക്കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും രോഗിയുടെ മകള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
