കൂടത്തായി കേസ്: ജോളിയുടെ സുഹൃത്ത് റാണി ഹാജരായി

ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും

Update: 2019-10-18 06:40 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ സുഹൃത്ത് റാണി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായി. വടകര റൂറല്‍ എസ്പിയുടെ ഓഫിസിലെത്തിയ ഇവരില്‍ നിന്ന് പോലിസ് മൊഴിയെടുക്കുന്നുണ്ട്. എന്‍ഐടിക്കു സമീപം തയ്യല്‍ക്കട നടത്തിയിരുന്ന റാണിക്ക് ജോളിയുമായി ഉറ്റബന്ധമുണ്ടെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ജോളിയുടെ ഫോണില്‍നിന്ന് റാണിക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും ശേഖരിച്ചിരുന്നു. അതിനാല്‍തന്നെ, റാണിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജോളിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സമീപത്തെ തയ്യല്‍ക്കട കാണിച്ചുകൊടുത്തതോടെയാണ് പോലിസ് അതേക്കുറിച്ച് അന്വേഷണം ശക്തമാക്കിയത്. സംഭവശേഷം ഒളിവില്‍ പോയ റാണി വെള്ളിയാഴ്ചയാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്.

    എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉേദ്യാഗസ്ഥ ജയശ്രീ എസ് വാര്യര്‍ എന്നിവരാണു ജോളിയുടെ ഉറ്റ സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പോലിസ് നിഗമനം. പിന്നീട് ഫോണില്‍നിന്ന് ലഭിച്ച ചിത്രങ്ങളില്‍നിന്നാണ് റാണിയുമായി അടുത്ത ബന്ധം പോലിസ് മനസ്സിലാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തില്‍ റാണിയും ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം റാണി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് നിര്‍ണായകമായത്. ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ കേസില്‍ അത് നിര്‍ണായകമാവും.




Tags:    

Similar News