കേസ് പരിഗണിക്കാനിരിക്കെ പി വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്

Update: 2024-02-08 05:52 GMT

തിരുവമ്പാടി: ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് നല്‍കി കൂടരഞ്ഞി പഞ്ചായത്ത്. ലൈസന്‍സ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തില്‍ അടച്ചതിനെത്തുടര്‍ന്നാണ് പിവിആര്‍ നാച്വറാ പാര്‍ക്കിന് ഇന്നലെ പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കിയത്. ലൈസന്‍സില്ലാതെ പാര്‍ക്ക് പ്രവര്‍ത്തിച്ചതിനെതിരേ കഴിഞ്ഞദിവസം ഹെക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അടച്ച പാര്‍ക്ക് പഠനം നടത്താതെ തുറക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നദീസംരക്ഷണസമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി വി രാജന്‍ നല്‍കിയ ഹരജി ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസന്‍സിന് നല്‍കിയ അനുബന്ധ രേഖകളില്‍ പിഴവുള്ളതിനാലാണ് ലൈസന്‍സ് നല്‍കാതിരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടരഞ്ഞി പഞ്ചായത്തില്‍ കുടിശ്ശിക അടച്ച് ലൈസന്‍സ് സമ്പാദിച്ചത്.

    2018ല്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് പാര്‍ക്ക് അടച്ചിട്ടത്. പിന്നീട് 2023 ആഗസ്തില്‍ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് കുട്ടികളുടെ പാര്‍ക്ക് മാത്രം തുറക്കാന്‍ അനുമതി നല്‍കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേത് ഉള്‍പ്പെടെയുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിനു വേണ്ടി പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ അഞ്ച് വര്‍ഷത്തെ നികുതി കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുക അടയ്ക്കുകയും നവംബറില്‍ ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തു.

Tags:    

Similar News