കിളികൊല്ലൂർ മർദനം: ന്യായീകരണവുമായി പോലിസ്, ഉദ്യോഗസ്ഥർക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് വാദം

എംഡിഎംഎ പ്രതിക്ക് ജാമ്യം വേണമെന്ന് പറഞ്ഞാണ് സഹോദരങ്ങൾ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഗൗരവകരമായ കേസിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ റൈറ്ററിനെ സഹോദരങ്ങൾ മർദിക്കുക ആയിരുന്നുവെന്ന പോലിസിന്റെ കഥ വീണ്ടും ആവർത്തിക്കുന്നു.

Update: 2022-10-22 04:38 GMT

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സൈനികൻ വിഷ്ണുവിനേയും സഹോദരൻ വിഘ്നേഷിനേയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുതിയ ന്യായീകരണവുമായി പോലിസ്. നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദം. പോലിസിന്റെ ക്രൂര മർദ്ദനത്തിനിരയായ വിഘ്നേഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അത് കൊണ്ടുള്ള നടപടിയാണ് ഇതെന്നുമായിരുന്നു പോലിസ് സ്റ്റേഷൻ അധികൃതരുടെ പ്രതികരണം.

എംഡിഎംഎ പ്രതിക്ക് ജാമ്യം വേണമെന്ന് പറഞ്ഞാണ് സഹോദരങ്ങൾ സ്റ്റേഷനിൽ എത്തിയത്. എന്നാൽ ഗൗരവകരമായ കേസിൽ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിലെ റൈറ്ററിനെ സഹോദരങ്ങൾ മർദിക്കുക ആയിരുന്നുവെന്ന പോലിസിന്റെ കഥ വീണ്ടും ആവർത്തിക്കുന്നു.

പോലിസ് മര്‍ദ്ദനത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്റേതെന്ന പേരില്‍ പുറത്ത് വന്ന ശബ്ദ സന്ദേശത്തിലും സമാനമായ വാദങ്ങളാണ് ആവര്‍ത്തിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ മര്‍ദിച്ചവര്‍ രക്ഷപ്പെടാതിരിക്കാനാണ് ബലം പ്രയോഗിച്ചത് എന്നാണ് എസ് ഐ അനീഷിന്‌റെതായി പുറത്ത് വന്ന സന്ദേശത്തില്‍ പറയുന്നത്. സ്റ്റേഷനിലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണം.

സഹോദരങ്ങളെ പോലിസ് ഉദ്യോഗസ്ഥര്‍ മർദിച്ചു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നതേ. അതിൽ പോലിസുകാരനായ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും ഒടുവിൽ പിടിവലിയിയെ തുടർന്ന് താഴെ വീഴുന്നതുമായിരുന്നു പുറത്തായത്.

അതേസമയം കൂടുതൽ പോലിസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സഹോദരങ്ങളുടെ കുടുംബം രംഗത്തെത്തിയിരുന്നു. സസ്പെൻഡ് ചെയ്ത നാല് പോലിസുകാർക്ക് പുറമെ കൂടുതൽ പേർ മർദ്ദിച്ചു. കുറ്റക്കാരാവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. പോലിസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാർ വ്യക്തമാക്കി.

രണ്ട് മാസം മുൻപാണ് കരിക്കോട് സ്വദേശികളായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കിളികൊല്ലൂർ സ്റ്റേഷനിൽ അതിക്രൂരമായി പോലിസ് മർദ്ദിച്ചത്. എംഡിഎംഎ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാൻ വന്ന വിഘ്‌നേഷും വിഷ്ണുവും പോലിസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് റൈറ്ററെ മർദ്ദിച്ചെന്നുമായിരുന്നു പോലിസിന്റെ ആരോപണം.

ഇരുവരുടെയും മർദ്ദനത്തിൽ പ്രകാശ് എന്ന പോലിസുകാരന്റെ തല പൊട്ടിയെന്നായിരുന്നു എഫ്ഐആർ. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി പറയാൻ എത്തിയ സഹോദരങ്ങളെ പോലിസ് അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പോലിസ് സ്റ്റേഷനിൽ നിന്ന് തനിക്കും സഹോദരൻ വിഷ്ണുവിനും ക്രൂര മർദ്ദനമേറ്റതായും നടപടി വേണമെന്നും ആവശ്യപ്പെട്ട് വിഘ്നേഷ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.

സംഭവത്തിലെ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കുറ്റം ചെയ്തവർക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും മർദ്ദനം സർക്കാർ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പോലിസിൽ ക്രിമിനലുകളുണ്ടെന്നതിന്റെ തെളിവാണ് കിളികൊല്ലൂർ സ്റ്റേഷനിലെ ക്രൂരമർദ്ദനമെന്ന് ഡിവൈഎഫ്ഐയും ആരോപിച്ചു.

Similar News