ബംഗാളില്‍ അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകര്‍; വീഡിയോ പുറത്തുവിട്ട് തൃണമൂല്‍

Update: 2019-05-15 12:41 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തത് ബിജെപി പ്രവര്‍ത്തകരാണെന്ന വീഡിയോ പുറത്തുവിട്ട് തൃണമൂൽ കോൺ​ഗ്രസ്. ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രയാന്‍ വീഡിയോ പുറത്തുവിട്ടത്. അമിത് ഷാ നുണയനാണെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണെന്നും ഒബ്രയാന്‍ പറഞ്ഞു. തൃണമൂലിനെയും പൊലീസിനെയും നേരിടാന്‍ അമിത് ഷായുടെ റാലിയിലേക്ക് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വരണമെന്ന് അറിയിച്ചുള്ള വാട്‌സ് ആപ് സന്ദേശത്തിന്റെ ചിത്രങ്ങളും തൃണമൂല്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ ബിജെപി പ്രതിരോധത്തിലായി.

19ാം നൂറ്റാണ്ടിലെ തത്വചിന്തകനും സാമൂഹികപരിഷ്‌കര്‍ത്താവുമായ ഈശ്വര്‍ ചന്ദ്ര വിദ്യാസഗറിന്റെ പ്രതിമ തകര്‍ത്തത് ബിജെപി ഗുണ്ടകളാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കാണിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നത്. വിദ്യാസഗര്‍ പ്രതിമ തകര്‍ത്തതും റാലിക്കിടെ അക്രമങ്ങള്‍ നടത്തിയതും തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് അമിത് ഷാ നേരത്തെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അമിത് ഷായുടെ ആരോപണങ്ങളെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

ബംഗാളിന് പുറത്തുനിന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗുണ്ടകളെ വിലയ്‌ക്കെടുത്തു എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍ നേരത്തെ ആരോപിച്ചിരുന്നു. ബംഗാളിന് പുറത്തുനിന്ന് ഷാ വിലയ്‌ക്കെടുത്ത ഗുണ്ടകളാണ് അക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തന്നെയാണ് ഗുണ്ടകളെ ഇറക്കിയത്. അക്രമങ്ങളുടെ വീഡിയോ തന്നെ അമിത് ഷാ നുണയനാണെന്ന് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമബംഗാളിൽ റോഡ് ഷോയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ഉറപ്പിച്ചു പറയുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിക്ക് അക്രമസംഭവങ്ങളിൽ യാതൊരു പങ്കുമില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

Similar News