സിബിഐ ഉദ്യോഗസ്ഥനായും ബംഗാള്‍ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായും ആള്‍മാറാട്ടം; കൊല്‍ക്കത്ത ഹൈക്കോടതി അഭിഭാഷകന്‍ അറസ്റ്റില്‍
ആള്‍മാറാട്ടത്തിന് പുറമേ വ്യാജരേഖ ചമയ്ക്കല്‍, ഭൂമി തട്ടിയെടുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഭൂമിയും കെട്ടിടവും തട്ടിയെടുക്കുന്നതിനായി മറ്റുചിലരുമായി ചേര്‍ന്നായിരുന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി ആള്‍മാറാട്ടവും തട്ടിപ്പുമെന്ന് പോലിസ് പറയുന്നു.
കൊല്‍ക്കത്ത: സിബിഐ ഉദ്യോഗസ്ഥനായും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായും ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ അഭിഭാഷകന്‍ അറസ്റ്റിലായി. കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ സനാതന്‍ റായ് ചൗധരിയെയാണ് കൊല്‍ക്കത്ത പോലിസ് അറസ്റ്റുചെയ്തത്. ആള്‍മാറാട്ടത്തിന് പുറമേ വ്യാജരേഖ ചമയ്ക്കല്‍, ഭൂമി തട്ടിയെടുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഭൂമിയും കെട്ടിടവും തട്ടിയെടുക്കുന്നതിനായി മറ്റുചിലരുമായി ചേര്‍ന്നായിരുന്നു ക്രിമിനല്‍ ഗൂഢാലോചന നടത്തി ആള്‍മാറാട്ടവും തട്ടിപ്പുമെന്ന് പോലിസ് പറയുന്നു.
ഗരിയാഹത്ത് പോലിസ് സ്‌റ്റേഷന്റെ അധികാരപരിധിയിലാണ് കുറ്റകൃത്യം നടന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലാണെന്ന് അവകാശപ്പെട്ട ഇയാള്‍ നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറിലാണ് സ്ഥിരമായി യാത്രചെയ്തിരുന്നതെന്ന് കൊല്‍ക്കത്ത പോലിസ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ സിബിഐ സ്‌പെഷ്യല്‍ കോണ്‍സലാണെന്നും അവകാശപ്പെട്ടിരുന്നു.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്തിരുന്നതെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഐഎഎസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ ദേബാഞ്ജന്‍ ദേബ് എന്നയാളെ കൊല്‍ക്കത്തയില്‍ അറസ്റ്റുചെയ്തത്. കൊല്‍ക്കത്തയിലെ വ്യാജ വാക്‌സിനേഷന്‍ ക്യാംപ് കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്. കൊല്‍ക്കത്ത പോലിസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന ഈ കേസില്‍ ദേബാഞ്ജന്‍ അടക്കം ഒമ്പതുപേരാണ് ഇതുവരെ അറസ്റ്റിലായത്.
