കോടിയേരി അവധി നീട്ടി; എം വി ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല

Update: 2019-12-05 00:51 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികില്‍സാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടര്‍ന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കി. ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ചികില്‍സയ്ക്കായി അമേരിക്കയിലുള്ള അദ്ദേഹം അവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 28നാണ് വിദഗ്ധ പരിശോധനകള്‍ക്കായി കോടിയേരി അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുന്നുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. രണ്ടാഴ്ചത്തെ മാത്രം അവധിയായതിനാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. തുടര്‍ ചികില്‍സ ആവശ്യമുണ്ടെങ്കില്‍ അവധി നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു മാസത്തേക്കുള്ള അമേരിക്കന്‍ യാത്രയുടെ സമയപരിധി നീട്ടിയിരിക്കുകയാണ്. അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ മാസം 21, 22 തിയ്യതികളില്‍ നടക്കും.




Tags:    

Similar News