പ്രായോഗിക നിർദേശങ്ങൾ പറയൂ; വനിതാ സംവരണത്തെ പരിഹസിച്ച് കോടിയേരിയുടെ മറുപടി

സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി മാധ്യമങ്ങൾക്ക് നൽകുന്ന റിപോർട്ടിങ്ങിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2022-03-03 11:54 GMT

കൊച്ചി: സിപിഎമ്മിൽ അമ്പത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തെ പരിഹസിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിങ്ങൾ സംസ്ഥാന സമിതിയെ തകർക്കാൻ നടക്കുകയാണോ എന്നാണ് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകിയത്. പ്രായോഗികമായ നിർദേശങ്ങൾ പറയൂ എന്നും കോടിയേരി കൂട്ടിച്ചേർത്തു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി മാധ്യമങ്ങൾക്ക് നൽകുന്ന റിപോർട്ടിങ്ങിന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തുപറയത്തക്ക വിധത്തിലുള്ള വിമർശനങ്ങളൊന്നും സമ്മേളനത്തിൽ ഉയർന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

സംസ്ഥാന സമിതിയിൽ വനിതാ സംവരണം വർധിപ്പിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരി മറുപടി പറഞ്ഞത് ഇങ്ങനെ, അത്രയധികം ചിന്തിക്കുമെന്ന് ഞാൻ കരുതിയിട്ടില്ല, സ്വാഭാവികമായും എല്ലാ കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം വർധിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോടിയേരി ബാലകൃഷ്ണൻ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. സെക്രട്ടേറിയറ്റിലേക്ക് ചല പുതുമുഖങ്ങൾക്കും സാധ്യതയുണ്ട്. പി എ മുഹമ്മദ് റിയാസ്, എ എൻ ഷംസീർ എന്നിവർ പരിഗണനയിലുണ്ട്. സജി ചെറിയാൻ വി എൻ വാസവൻ എന്നിവരും സെക്രട്ടേറിയറ്റിൽ വന്നേക്കും. എം വിജയകുമാർ, കടകംപളളി സുരേന്ദ്രൻ, സികെ രാജേന്ദ്രൻ എന്നിവരും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.