കെ റയിലിനെ പിന്തുണക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റേയും കടമ: കോടിയേരി
ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്.
തിരുവനന്തപുരം: കേന്ദ്ര അവഗണനയെ ചെറുക്കുന്നതിന് കെ റയിൽ പദ്ധതിയെ പിന്തുണക്കേണ്ടത് ഓരോ കേരളീയന്റേയും കടമയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് കേരളീയർ എന്ന ദേശീയതാ കാർഡുമായി കോടിയേരി പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതിയിരിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയും മോദിയുടെ സംസ്ഥാനമായ ഗുജറാത്തും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കോടിയേരി ചോദിക്കുന്നു.
മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ലെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു. എന്നാൽ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ നിർമാണത്തിനെതിരേ സിപിഎമ്മും അവരുടെ വർഗബഹുജന സംഘടനകളും പ്രക്ഷോഭത്തിലാണെന്നത് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം മറന്നു.
കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരേ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണെന്ന് ലേഖനം അടിവരയിടുന്നു.
കെ റെയിൽ പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനമുയർത്താനും അദ്ദേഹം മറന്നില്ല. ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർ ലൈനിനെതിരേ ഗൂഢപ്രവർത്തനങ്ങൾ നടത്തുന്നു. ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈൻ പദ്ധതിയെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
