കൊടി സുനിയുടെ പരസ്യമദ്യപാനം; പരാതിയില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പോലിസ്
തലശ്ശേരി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ പരസ്യ മദ്യപാനത്തില്‍ വിചിത്ര വിശദീകരണവുമായി തലശേരി പോലിസ്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. സ്വമേധയാ പോലിസിന് കേസെടുക്കാന്‍ തെളിവ് ഇല്ലെന്നാണ് പോലിസ് വ്യക്തമാക്കിയത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ കഴിയാതെ കേസ് നില്‍ക്കില്ലെന്നാണ് തലശേരി പോലിസിന്റെ വാദം. അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖര്‍ ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് സംഭവത്തില്‍ നിജസ്ഥിതി തേടും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കഴിഞ്ഞ മാസം 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് കൊടി സുനി അടക്കമുള്ള പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് പോലിസിനെ കാവല്‍നിര്‍ത്തി കൊടി സുനിയും സംഘവും മദ്യപിക്കുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ പോലിസുകാര്‍ക്കെതിരെ നടപടിയെടുത്തു. സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പോലിസുകാരെ സസ്പെന്‍ഡ് ചെയ്തു. എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പോലിസിനെ കാവല്‍ നിര്‍ത്തി പ്രതികള്‍ മദ്യപിച്ചതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.