ബിജെപി കുഴൽപ്പണക്കേസ്: പണം കൊണ്ടുവന്നത് അയൽ സംസ്ഥാനത്ത് നിന്ന്,​ ആർഎസ്എസ് - ബിജെപി നേതാക്കളെ ചോദ്യം ചെയ്യും

തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ് സേനൻ ആർഎസ്എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.

Update: 2021-05-22 01:17 GMT

തൃശൂർ: ബിജെപി കുഴൽപ്പണ കവർച്ചാക്കേസിൽ കാറിൽ മൂന്നരക്കോടി രൂപയാണുണ്ടായിരുന്നത് എന്ന വെളിപ്പെടുത്തലിന് പിന്നാലെ പോലിസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നു. മൂന്ന് ആർഎസ്എസ്-ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ് സേനൻ ആർഎസ്എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക.

കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധര്‍മ്മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു. പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനാണ് നാളെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത്.

അതേസമയം കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരേ അന്വേഷണമുണ്ടായേക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍. എന്നാല്‍ നേതൃത്വം ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. കുഴല്‍പ്പണ കേസിലെ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത അവസാനത്തെ വ്യക്തി.

രഞ്ജിത്ത് ജയിലിലേക്ക് പോകുന്ന സമയത്ത് കവര്‍ച്ച ചെയ്ത പണം ദീപ്തി സൂക്ഷിച്ചുവെച്ചു. കവര്‍ച്ച പണം ആണെന്ന് ബോധ്യമുണ്ടായിരുന്ന ദീപ്തി 11 ലക്ഷം രൂപ സൂക്ഷിച്ചത് കുറ്റകൃത്യമാണെന്ന് പോലിസ് വ്യക്തമാക്കി. കൊടകരയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യം പോലിസിന് ലഭിച്ച പരാതി. എന്നാല്‍ പിന്നീട് ഇത് 3.5 കോടി രൂപയാണെന്ന് പോലിസ് കണ്ടെത്തി. ബിജെപിക്ക് വിജയ സാധ്യതയുള്ള നിര്‍ണായക മണ്ഡലങ്ങളില്‍ ചെലവഴിക്കാനാണ് പണം കൊണ്ടുവന്നതെന്ന് സൂചനകളുണ്ട്.

അന്വേഷണ സംഘം ഇത് സംബന്ധിച്ച സൂചനകളൊന്നും നല്‍കിയിട്ടില്ലെങ്കിലും കെ സുരേന്ദ്രനുമായി നേരിട്ട് ബന്ധമുള്ള ഒരാളാണ് പണം കൈമാറിയതെന്നതിനാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. കെ സുരേന്ദ്രന്‍ സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം മുതല്‍ തിരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിച്ച പണമെല്ലാം നിയമാനുമതിയുള്ളതാണെന്നാണ് സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളും ആവര്‍ത്തിക്കുന്നത്.

മഞ്ചേശ്വരം, കാസർകോട്, പാലാക്കാട്, നേമം തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന് ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുപോയ പണമാണ് കൊടകരയില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് പോലിസിനു ലഭിച്ച വിവരമെന്ന് മലയാള മനോരമ റിപോർട്ട് ചെയ്യുന്നു.