കൊടകരയിലെ കുഴല്‍പ്പണം: സംസ്ഥാനത്തെ ബിജെപി ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യണം- പോപുലര്‍ ഫ്രണ്ട്

പരാതിക്കാരന്റെ ആര്‍എസ്എസ് ബന്ധത്തോടെ ഉറവിടം വ്യക്തമായി. കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവിനെ ചോദ്യം ചെയ്തുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ ബിജെപിക്ക് വേണ്ടിയാണ് ഹവാല പണം എത്തിയതെന്ന് വ്യക്തമാണ്.

Update: 2021-04-29 09:44 GMT

കോഴിക്കോട്: കൊടകരയില്‍ കവര്‍ച്ച നടത്തിയ കുഴല്‍പ്പണത്തിന്റെ ഉറവിടം ബിജെപി തന്നെയെന്ന് വ്യക്തമായതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. കേസില്‍ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന്റെ ആര്‍എസ്എസ് ബന്ധം പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ സജീവ ആര്‍എസ്എസ്സുകാരനാണെന്ന് തൃശൂര്‍ എസ്പി ജി പൂങ്കുഴലിയാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവിനെ ചോദ്യം ചെയ്തുവെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുതന്നെ ബിജെപിക്ക് വേണ്ടിയാണ് ഹവാല പണം എത്തിയതെന്ന് വ്യക്തമാണ്. പണത്തിന്റെ ഉറവിടം വ്യക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉന്നത ബിജെപി- ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ ഇനിയെങ്കിലും പോലിസ് തയ്യാറാവണം. ധര്‍മരാജന്റെ ആര്‍എസ്എസ് ബന്ധം പുറത്തുവന്നിട്ടും പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലെന്ന പോലിസിന്റെ വാദം പരിഹാസ്യമാണ്.

കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വ്യാപകമായ പണമൊഴുക്ക് നടന്നതിന്റെ തെളിവായിരുന്നു ഏപ്രില്‍ മൂന്നിന് തൃശൂരില്‍ നടന്ന കുഴല്‍പ്പണ കവര്‍ച്ച. പണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല. 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു ധര്‍മരാജന്റെ പരാതി. എന്നാല്‍, പോലിസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.

പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം പരാതിയില്‍ പറഞ്ഞതിലും ഏറെയുള്ളതിനാല്‍തന്നെ ഹവാല ഇടപാടിന്റെ തോത് വളരെ വലുതാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി 50 കോടിയിലേറെ രൂപ ബിജെപി വിതരണം ചെയ്തതായി ഇഡിക്ക് പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ധര്‍മരാജനെ വിശദമായി ചോദ്യം ചെയ്യണം. ബിജെപി നേതൃത്വം സംശയത്തിന്റെ നിഴലിലായതിനാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഉന്നതകേന്ദ്രങ്ങളില്‍നിന്നും തുടക്കം മുതല്‍ ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ പോലിസിന്റെ മെല്ലെപ്പോക്കും ഇതുവരെ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ഡിജിപിയുടെ പ്രസ്താവനയുമെല്ലാം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് അബ്ദുല്‍ സത്താര്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News