ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടൽ: പോലിസുകാര്‍ക്കും പങ്ക്

വാഹനം ഇരിങ്ങാലക്കുട പറവൂർ വഴി എറണാകുളത്തേക്ക് പോവുകയാണെങ്കിൽ പോലിസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാനും ആസൂത്രണം ചെയ്തു.

Update: 2021-04-27 12:00 GMT

തൃശ്ശൂർ: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് കുഴൽപ്പണമായി എത്തിക്കുന്നതിനിടെ കവർച്ച നടന്ന സംഭവത്തിൽ ചില പോലിസുകാർക്കും പങ്കുണ്ടെന്ന് റിപോർട്ട്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ച പോലിസുകാരൻ ഉൾപ്പെടെ തൃശൂരിലെ മൂന്ന് പോലിസുകാർക്കാണ് സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം ഉയരുന്നത്. കൊടകരയിൽനിന്ന് പണം തട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഇരിങ്ങാലക്കുട ഭാഗത്തുവെച്ച് പോലിസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാൻ സംഘം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. ഇതിനായി പോലിസുകാർക്ക് അഡ്വാൻസും നൽകി.

ഏപ്രിൽ മൂന്നിനാണ് തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി ബിജെപി എറണാകുളത്തേക്ക് അയച്ച മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം വ്യാജ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്തത്. കേസിൽ കഴിഞ്ഞ ദിവസം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കുഴൽപ്പണ കവർച്ച പതിവാക്കിയ ക്വട്ടേഷൻ സംഘാംഗങ്ങളാണ് പിടിയിലായത്. ഇവരിൽ ദീപക് എന്ന പ്രതിയിൽ നിന്നാണ് പോലിസുകാരുടെ പങ്കിനെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.

തൃശ്ശൂരിൽ നിന്ന് പണവുമായി പുറപ്പെട്ട വാഹനം രണ്ട് വഴികളിലൂടെ എറണാകുളത്തേക്ക് പോകാനായിരുന്നു സാധ്യതയുണ്ടായിരുന്നത്. ഇതിൽ ദേശീയപാതയിലൂടെ അങ്കമാലി വഴി എറണാകുളത്തേക്ക് പോവുകയാണെങ്കിൽ കൊടകരയിൽ വെച്ച് കവർച്ചാ സംഘം തന്നെ പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇനി വാഹനം ഇരിങ്ങാലക്കുട പറവൂർ വഴി എറണാകുളത്തേക്ക് പോവുകയാണെങ്കിൽ പോലിസുകാരുടെ സഹായത്തോടെ പണം പിടിച്ചെടുക്കാനും ആസൂത്രണം ചെയ്തു.

തിരഞ്ഞെടുപ്പ് പരിശോധനയെന്ന പേരിൽ വാഹനം തടഞ്ഞു നിർത്തി പണം പിടിച്ചെടുക്കാനായിരുന്നു പദ്ധതി. എന്നാൽ വാഹനം തൃശൂരിൽ നിന്ന് ദേശീയപാത വഴി തന്നെ എറണാകുളത്തേക്ക് യാത്ര തിരിച്ചതോടെ മൂന്ന് കാറുകളിലായി പിന്തുടർന്ന കവർച്ചാസംഘം വ്യാജ അപകടമുണ്ടാക്കി കൊടകരയിൽ വെച്ച് പണവും വാഹനവും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ പോലിസുകാർക്ക് പങ്കുണ്ടെന്ന വിവരം ഉന്നത പോലിസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പോലിസ് സേനയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, ഫണ്ട് തട്ടലുമായി ബന്ധപ്പെട്ട് ബിജെപിക്കകത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും വിഷയത്തിൽ‍ നേതാക്കൾ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.