കെ എം റിയാലു: ഇസ്‌ലാമിക പ്രബോധന രംഗത്തെ അതുല്യ മാതൃക
കുവൈത്തിലെയും സൗദി അറബിയേയിലെയും ഇന്ത്യയിലെയും പതിനായിരങ്ങള്‍ക്ക് സത്യദീനിലേക്ക് വഴി കാട്ടാന്‍ പെരിങ്ങാടിയിലെ ഈ നാലാം ക്ലാസ് മാത്രം മദ്രസ വിദ്യാഭ്യാസമുള്ള ആള്‍ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്.
കെ പി ഒ റഹ്മത്തുള്ള
മലപ്പുറം: തിരൂരില്‍ ഇന്ന് നിര്യാതനായ കെ എം റിയാലു സാഹിബ് അര നൂറ്റാണ്ട് കാലം ഇസ്ലാമിക പ്രബോധന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിലൂടെ ഇസ്ലാം കണ്ടെത്തിയവരുടെയും സ്വീകരിച്ചവരുടെയും എണ്ണം തിട്ടപെടുത്താനാവില്ല. കുവൈത്തിലെയും സൗദി അറബിയേയിലെയും ഇന്ത്യയിലെയും പതിനായിരങ്ങള്‍ക്ക് സത്യദീനിലേക്ക് വഴി കാട്ടാന്‍ പെരിങ്ങാടിയിലെ ഈ നാലാം ക്ലാസ് മാത്രം മദ്രസ വിദ്യാഭ്യാസമുള്ള ആള്‍ക്ക് സാധിച്ചു എന്നത് അത്ഭുതമാണ്.
കഴിഞ്ഞ നാലു പതിറ്റാണ്ട് കാലമായി ഇന്ത്യയിലെ മത പ്രബോധന രംഗത്താണ് അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത്. സ്വന്തം പരിശ്രമത്തിലൂടെ ഹൈന്ദവ വേദങ്ങളും ഇതിഹാസങ്ങളും ക്രിസ്തീയ സുവിശേഷങ്ങളും ആഴത്തില്‍ പഠിച്ച അദ്ദേഹം മലയാളത്തിന് പുറമെ അറബി, ഉര്‍ദു, ഹിന്ദി, തമിഴ്, കന്നഡ, തെലുഗ്, ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു.
കെ എം റിയാലു സാഹിബിനൊപ്പം ലേഖകൻ
നീണ്ട രണ്ട് ദശകക്കാലം കുവൈത്തില്‍ സ്വന്തമായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വന്ന കാലഘട്ടത്തിലാണ് ഇസ്ലാമിക പ്രബോധന രംഗത്ത് കാലെടുത്തു വെക്കുന്നത്. ഒഴിവ് ദിവസങ്ങളിലും സായാഹ്ന വേളകളിലും അദ്ദേഹം എല്ലാവര്‍ക്കും ഇസ്ലാമിനെ പരിചയപ്പെടുത്തുമായിരുന്നു. കുവൈത്തില്‍ ഇസ്ലാമിക പ്രബോധനത്തിന് ജാമിഅത്തുല്‍ ഇസ്ലാമി കേരള എന്ന സംഘടന രൂപികരിച്ചു. കുവൈത്തിലെ ഉന്നത മതപണ്ഡിതരുമായി സൗഹാര്‍ദം സ്ഥാപിച്ച അദ്ദേഹം ഔദ്യോഗികമായി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ പരിശ്രമ ഫലമായി വിദേശികള്‍ അടക്കം ഇസ്‌ലാമിന്റെ പുതു വെളിച്ചത്തിലേക്ക് കടന്നു വന്നു .
1979 ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം ഈ മതപ്രബോധകനെ നന്നായി ആകര്‍ഷിച്ചു. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും മധ്യേ ഇസ്‌ലാം വിപ്ലവ ചാലക ശക്തിയാകുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തെ വല്ലാതെ ആഹ്ലാദിപ്പിച്ചു .
കുവൈത്തില്‍ നിന്നും അദ്ദേഹം ഇറാനിലേക്ക് വിമാനം കയറി. തെഹ്‌റാനില്‍ ചെന്ന് ഇസ്ലാമിക വിപ്ലവാചാര്യന്‍ ആയത്തുല്ലാ അലി ഖുമേനിയെ നേരില്‍ കണ്ടു. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു . വിപ്ലവത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കി. മറ്റു ഇറാനിയന്‍ നേതാക്കളെ നേരില്‍ കാണുകയും വിപ്ലവ സാഹിത്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഒരാഴ്ചയില്‍ അധികം ഇറാനില്‍ തങ്ങി കുവൈത്തില്‍ തിരികെയെത്തി.
ഇറാന്‍ സന്ദര്‍ശനവും കൃതികളും ബാഗില്‍ നിന്നും കണ്ടെത്തിയ അധികൃതര്‍ അദ്ദേഹത്തെ സ്വദേശത്തേക്കു തിരിച്ചയച്ചു. അതോടെ അദ്ദേഹം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് കേരളത്തില്‍ തിരിച്ചെത്തി.
ഇസ്‌ലാമിക പ്രബോധനമാണ് തന്റെ ജീവിതദൗത്യമെന്ന് തിരിച്ചറിഞ്ഞ റിയാലു സാഹിബ് അതിനു യോജ്യമായ സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്തു. പിന്നീട് നീണ്ട ഒന്നര പതിറ്റാണ്ട് ജമാഅത്തിന്റെ പടനായകനായി ശോഭിച്ചു. മലപ്പുറം ദഅവത്ത് നഗര്‍ സമ്മേളനം വളണ്ടിയര്‍ ക്യാപ്റ്റന്‍ ആയിരുന്നു. സംസ്ഥാന ശൂറയിലും കേന്ദ്ര പ്രതിനിധി സഭയിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി രൂപം നല്‍കിയ വിദ്യാര്‍ത്ഥി സംഘടന എസ്‌ഐഒ കേരളാ ഘടകത്തിന്റെ സംഘാട നച്ചുമതലയും അദ്ദേഹത്തിനായിരുന്നു. വനിതാ സംഘടന ജിഐഒയുടെ സംഘാടനത്തിനും അദ്ദേഹം നിയോഗിക്കപ്പെട്ടു. എത്തിക്കല്‍ മെഡിക്കല്‍ ഫോറം എന്ന ഡോക്ടര്‍മാരുടെ സംഘടനയും റിയാലു സാഹിബിന്റെ മേല്‍നോട്ടത്തിലാണ് രൂപികരിച്ചത് .
ഇസ്‌ലാമിക പ്രബോധന ദൗത്യം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് മിഷന്‍ (കിം) പ്രസിഡന്റായും അദ്ദേഹം നിയുക്തനായി. എസ്‌ഐഒയുടെ യുവസരണി, ജിഐഒയുടെ ആരാമം എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചതും റിയാലു സാഹിബിന്റെ മേല്‍നോട്ടത്തിലാണ്. മുസ്‌ലിംകള്‍ക്ക് സ്വന്തമായി സ്വതന്ത്രമായ ദിനപത്രം എന്ന ആശയം ആദ്യം ഉയര്‍ന്നു വന്നപ്പോഴും ഇദ്ദേഹം തന്നെയായിരുന്നു മുന്നില്‍. മാധ്യമം ദിനപത്രം പിറവി എടുത്തപ്പോള്‍ അതിന്റെ സ്ഥാപകരിലൊരാളായിരുന്നു ഇദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമിയില്‍ യുവതലമുറയെ നേതൃ സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ റിയാലു സാഹിബിന്റെ സജീവ പ്രവര്‍ത്തനങ്ങള്‍ കാരണമായി. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ തന്നോടൊപ്പം തന്റെ പ്രസ്ഥാനം എത്തുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ അപ്പോള്‍ അദ്ദേഹം ജമാഅത്തെ ഇസ്ലാമി വിട്ട് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സ്വന്തമായ പാത വെട്ടി തെളിയിക്കുകയായിരുന്നു. ഇരുന്നൂറോളം മുഴുസമയ ഇസ്ലാമിക പ്രബോധകരെ വാര്‍ത്തെടുത്തു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അദ്ദേഹം പുതിയ കര്‍മ മേഖലകള്‍ കണ്ടെത്തി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, കേരള കേരള എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രബോധന ദൗത്യത്തിന് ആക്കം കൂട്ടി. ദലിത് വിമോചന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം ആരംഭിച്ചു.
വി ടി രാജ ശേഖറിന്റെ ദലിത് വോയ്സ് മലയാളം പതിപ്പ് പ്രസിദ്ധീകരണത്തിനും ദലിത് കൃതികളുടെ പ്രചരണത്തിനും സജീവമായി സഹകരിച്ചു. ചെന്നൈയിലും ബെംഗളൂരുവിലും ഹൈദരാബാദിലും ഇസ്ലാമിക പ്രബോധന സംഘങ്ങള്‍ രൂപീകരിച്ച അദ്ദേഹത്തിനു അവര്‍ണ്ണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ സാധിച്ചു.
പ്രശസ്തമായ ഉമറാബാദിലെ ജാമിയ ദാറുസ്സലാമില്‍ പ്രബോധന ഡിഗ്രീ കോഴ്‌സ് ആരംഭിക്കാന്‍ മൗലാനാ കലീംസിദ്ദീഖിയോടൊപ്പം ചേര്‍ന്ന് അദ്ദേഹം നേതൃത്വം നല്‍കി. വര്‍ഷംതോറും നൂറോളം പ്രബോധകന്‍ ആണ് ഇവിടെ നിന്നും പുറത്തിറങ്ങുന്നത്. ഈ കോഴ്‌സിലെ തലവനായി ആയി അഞ്ചു വര്‍ഷത്തോളം റിയാലു സാഹിബ് സേവനമനുഷ്ഠിച്ചു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തമിഴിലും കന്നടയിലും തെലുങ്കിലും പുസ്തകങ്ങളും മാസികകളും റിയാലു സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഉര്‍ദുവില്‍ രചിച്ച ഇസ്‌ലാമിക പ്രബോധനം ആശയവും രീതിയും എന്ന ഗ്രന്ഥം വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലെ പ്രബോധന പ്രവര്‍ത്തകരുടെ കൈപുസ്തകം. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ആന്ധ്രയിലെയും ഗ്രാമങ്ങളില്‍ വരെ ഇസ്‌ലാമിക വെളിച്ചം കടന്നുചെന്നത് ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിലൂടെയാണ്. അടിസ്ഥാന ജനവിഭാഗങ്ങള്‍ ഞങ്ങള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് ഇരുവരിലൂടെയാണ്. കേരളത്തിലും റിയാല്‍ സാഹിബിനെ നേതൃത്വത്തില്‍ ധാരാളം പ്രബോധന പ്രവര്‍ത്തന ക്യാംപുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മഞ്ചേരിയില്‍ സത്യസരണി രൂപീകരിച്ചതു മുതല്‍ അതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സംഘടനകള്‍ക്ക് അതീതമായി ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തകരെ സജീവമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുസ്‌ലിം സംഘടനകള്‍ക്ക് ഖുര്‍ആനിന്റെ പ്രഥമപരിഗണന വിഷയമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മുഖ്യ അജണ്ട ആകുന്നില്ല എന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. അസുഖം ഭേദമായാല്‍ വീണ്ടും തമിഴ്‌നാട്ടില്‍ പോയി പ്രബോധനരംഗത്ത് സജീവമാകണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് ആണ് അദ്ദേഹം നമ്മോട് വിടവാങ്ങിയത്. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 70 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ തമിഴ്‌നാട് കടപ്പയിലുള്ള ഉമര്‍ റിയാലു പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അറിയപ്പെടാത്ത മാധവിക്കുട്ടി, വേദ ധര്‍മ്മം, ഇസ്ലാമിക പ്രബോധനം ആശയവും രീതിയും, പ്രബോധന പ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.

